കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കോമ്പാക്ട് കാറായ വെരീറ്റോ വൈബ് വിപണിയിലെത്തി. നീളം നാലുമീറ്ററായി ചുരുങ്ങിയെങ്കിലും സ്ഥലസൗകര്യം, സ്റ്റൈല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം മറ്റ് കോമ്പാക്ട് കാറുകളെ പിന്തള്ളുന്ന രീതിയിലാണ് വൈബിന്റെ രൂപകല്‍പ്പനയെന്ന് കമ്പനി അവകാശപ്പെടുന്നു.

20.8 കിലോമീറ്റര്‍വരെ മൈലേജ് വാഗ്ദാനംചെയ്യുന്ന റെനോയുടെ 1.5 ലിറ്റര്‍ ഡിസിഐ ഡീസല്‍ എന്‍ജിനാണ് വൈബിലുള്ളത്. മൈലേജ്, ടെമ്പറേച്ചര്‍ തുടങ്ങിയവ സംബന്ധിച്ച് ഡ്രൈവറെ ഓര്‍മപ്പെടുത്തുന്ന ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഇതിലുണ്ട്. വാഹനപ്രേമികളെ തൃപ്തിപ്പെടുത്തുന്നതാണ് വൈബിന്റെ സ്റ്റൈലും സുരക്ഷയും സ്ഥല സൗകര്യവും എന്‍ജിന്റെ പ്രവര്‍ത്തനക്ഷമതയുമെന്ന് കൊച്ചിയില്‍ കാര്‍ പുറത്തിറക്കി കമ്പനി ഓട്ടോമോട്ടീവ് വിഭാഗം ചീഫ് എക്സിക്യൂട്ടീവ് പ്രവീണ്‍ ഷാ പറഞ്ഞു.

മൂന്നുപേര്‍ക്ക് സുഖമായി യാത്രചെയ്യാവുന്ന വിധമാണ് പിന്‍സീറ്റിന്റെ രൂപകല്‍പ്പന. നടുവിലിരിക്കുന്നയാള്‍ക്കും ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റ് എന്നത് ഈ വിഭാഗത്തില്‍ വൈബിന്റെ മാത്രം പ്രത്യേകതയാണ്. 330 ലിറ്റര്‍ ബൂട്ട് സ്പേസും വൈബിനുണ്ട്. ആറു നിറങ്ങളില്‍ വെരീറ്റോ വൈബ് ലഭ്യമാണ്. ഡി ടൂ, ഡി ഫോര്‍, ഡി സിക്സ് എന്നീ വേരിയന്റുകളാണുള്ളത്. ഡി ടുവിന് 5.76 ലക്ഷം രൂപയും ഡി സിക്സിന് 6.64 ലക്ഷം രൂപയുമാണ് കൊച്ചിയിലെ ഷോറൂംവില.