തേനിനോളം ഔഷധമൂല്യമുള്ള മറ്റൊരു വസ്തുവില്ല. ആരോഗ്യത്തിനും സൗന്ദര്യത്തിനും തേന്‍ ഏറെ വിശേഷമാണ്. പൗരാണിക കാലം മുതലെ ഉപയോഗത്തിലുള്ള തേനിനെകുറിച്ച് ആയുര്‍വേദത്തിലും യുനാനിയിലും പരാമര്‍ശങ്ങളുണ്ട്. ധാരാളം അസുഖങ്ങള്‍ക്കുള്ള ഒരു മരുന്നു കൂടിയാണ് തേന്‍. ജനറല്‍ ടോണിക്കായും കൊഴുപ്പുകുറയ്ക്കാനും ആമാശയരോഗങ്ങള്‍ക്കും ചര്‍മ്മരോഗങ്ങള്‍ക്കും കഫരോഗങ്ങള്‍ക്കും തേന്‍ മരുന്നാണ്.

ഗ്ലൂക്കോസ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ധാതുക്കള്‍, വിവിധതരം എന്‍സൈമുകള്‍, പ്രോട്ടീനുകള്‍, വിറ്റാമിന്‍ എ, ബി, ബി2, ബി3, ബി12, സി കെ തുടങ്ങിയവ തേനിലുണ്ട്. കൂടാതെ പാലിന്റെ അഞ്ചിരട്ടി കലോറി ഊര്‍ജമുണ്ട്. കുട്ടികളുടെ ക്ഷീണമകറ്റാനും, ബുദ്ധി വികാസത്തിനും തേന്‍ നല്ലതാണ്. ജനിച്ച് കുറച്ചുനാള്‍ക്കകം കുഞ്ഞുങ്ങള്‍ക്ക് തേനില്‍ വയമ്പുചാലിച്ച് നല്‍കുന്നത് കേരളത്തില്‍ പതിവാണ്. വന്‍തേന്‍ ചെറുതേന്‍ എന്നിങ്ങനെ എട്ടുതരം തേനുണ്ടെന്ന് പറയുന്നു. ഇതില്‍ ചെറുതേനിനാണ് കൂടുതല്‍ ഔഷധഗുണം. സ്ഥിരമായി രാവിലെ അല്‍പം ചെറുനാരങ്ങാ നീരും ഒരു ഔണ്‍സ് തേനും അതിന്റെ അഞ്ചിരട്ടി വെള്ളവും ചേര്‍ത്തു സേവിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് കുറക്കാന്‍ സഹായിക്കും, ശരീരം മെലിയാനുംഇത് സഹായിക്കും.

വായിലെയും വയറ്റിലെഅള്‍സറിനും അസിഡിറ്റിക്കും തേന്‍ ശമനം നല്‍കും. രാവിലെ വെറും വയറ്റില്‍ ശുദ്ധമായ തേന്‍ കഴിച്ചാല്‍ സുഖശോധനയുണ്ടാകും. തൊലിപുറമെയുണ്ടാകുന്ന ചൊറികള്‍, ചുണങ്ങ്, വരള്‍ച്ച, കറുത്ത പാടുകള്‍ തുടങ്ങിയക്കും തീപൊള്ളലിനും തേന്‍ പുരട്ടുന്നത് നല്ലതാണ്. മുഖത്തെ പാടുകള്‍ മാറ്റാനും , ശരീര കാന്തി വര്‍ധിപ്പിക്കാനും തേന്‍ ഉപയോഗിക്കാം. കഫം, ചുമ, നീരിറക്കം, ഒച്ചയടപ്പ്, ജലദോഷം, ആസ്ത്മ എന്നിവക്കെല്ലാം തേന്‍ ഫലപ്രദമാണ്. ഈ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ തേനിന്റെ കൂടെ കഴിക്കുമ്പോള്‍ പെട്ടെന്ന് ഫലമുണ്ടാകും. ഇരട്ടി മധുരം, ചുക്ക്, തിപ്പലി, കുരുമുളക് എന്നിവ സമമെടുത്ത് തേനിന്റെ കൂടെ കഴിക്കുന്നത് കഫ രോഗങ്ങള്‍ക്ക് ഉത്തമമാണ്. എന്നാല്‍ തേന്‍ നിത്യേന ഉപയോഗിക്കുത് വൃദ്ധരെ കൂടുതല്‍ ക്ഷീണിപ്പിക്കും.