കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് പുതിയ കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം വികസിപ്പിക്കുന്നു. ഇന്ത്യയെ മാത്രം മുന്നില്‍ക്കണ്ടാണ് വാഹനം വികസിപ്പിക്കുന്നത്. കോംപാക്ട് എസ് യു വികള്‍ക്ക് ഇന്ത്യന്‍ വിപണിയിലുള്ള വന്‍ ഡിമാന്‍ഡ് പരിഗണിച്ചാണിത്. ഇന്ത്യന്‍ വിപണിയില്‍ താരപരിവേഷമുള്ള റെനോ ഡസ്റ്റര്‍ , ഫോര്‍ഡ് എക്കോസ്‌പോര്‍ട് എന്നിവയാവും ഹ്യുണ്ടായ് കോംപാക്ട് എസ് യു വിയുടെ പ്രതിയോഗികള്‍ .

ജി സി എന്ന അപരനാമത്തില്‍ വിശേഷിപ്പിക്കപ്പെടുന്ന പുതിയ പ്ലാറ്റ്‌ഫോമില്‍ വികസിപ്പിക്കുന്ന വാഹനം 2015 ല്‍ ഇന്ത്യന്‍ വിപണിയിലെത്തും. വെര്‍ണയിലെ 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ കരുത്ത് പകരുന്ന വാഹനത്തില്‍ ഏഴ് സീറ്റുകളുണ്ടാവും. ഇന്ത്യയ്ക്കുവേണ്ടി ഒരു 1.5 ലിറ്റര്‍ എന്‍ജിനും ഹ്യുണ്ടായ് വികസിപ്പിക്കുന്നുണ്ടെന്നാണ് സൂചന. നാലു മീറ്ററില്‍ താഴെ നീളമുള്ള വാഹനത്തിന് പത്തുലക്ഷത്തില്‍ താഴെയാവും വില. പ്രായോഗികതയ്ക്ക് മുന്‍തൂക്കം നല്‍കുന്ന രൂപകല്‍പ്പനയാവും ഹ്യുണ്ടായ് കോംപാക്ട് എസ് യു വിയുടേതെന്നാണ് കരുതുന്നത്. ഇന്ത്യന്‍ പേരുമായി വിപണിയിലെത്തുന്ന ഹ്യുണ്ടായുടെ ആദ്യവാഹനമാവും ഇത്.