ദുബായ്: മൂട്ട, പാറ്റ തുടങ്ങിയ ക്ഷുദ്ര ജീവികള്‍ക്കെതിരെയുള്ള തുടര്‍ച്ചയായ മരുന്ന് പ്രയോഗം അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണമാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സമൂഹത്തിനായി യുഎഇ സര്‍ക്കാരിന്‍റെ ജലപരിസ്ഥിതി വകുപ്പ് ബോധവല്‍ക്കരണ ക്യാംപയിന്‍ ആരംഭിച്ചു .യുഎഇയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് വേണ്ടിയാണ് ജലപരിസ്ഥിതി വകുപ്പ് പുതിയ പ്രചരണത്തിന് തുടക്കമിട്ടത്. താമസ സ്ഥലങ്ങളിലും ലേബര്‍ ക്യാംപുകളിലുമുള്ള മൂട്ട, പാറ്റ തുടങ്ങിയ ക്ഷുദ്രജീവികള്‍ക്കെതിരെയുള്ള മരുന്നു പ്രയോഗം പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നു എന്നാണ് കണ്ടെത്തല്‍. മൂട്ടയ്‌ക്കെതിരെയുള്ള ഈ മരുന്നു പ്രയോഗത്തിന് ഇന്ത്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ ബോംബ് വെയ്പ് എന്നാണ് അറിയപ്പെടുന്നത്. ഇതിനായി ഉപയോഗിക്കുന്ന അലൂമിനിയം ഫോസ്‌ഫെയ്റ്റ് മാരകമായ വിഷമാണെന്നും ഇത് മരണത്തിന് വരെ കാരണമാകുന്നതായും യുഎഇ സര്‍ക്കാരിന്റെ ജലപരിസ്ഥിതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

ഇത്തരം ദുരന്തങ്ങളില്‍ അകപ്പെടുന്നവരില്‍ കൂടുതലും ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. അതിനാലാണ് ഇന്ത്യന്‍ സമൂഹത്തിനായി ഈ ക്യാംപെയിന്‍ ആരംഭിച്ചത്. അംഗീകാരം ഇല്ലാത്ത ഏജന്‍സികളെ മരുന്നു പ്രയോഗത്തിനായി ഉപയോഗിക്കുന്നതും കുറ്റകരമാണ്. അതിനാല്‍ അലൂമിനിയം ഫോസ്‌ഫേറ്റിന്റെ ദോഷഫലങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനുള്ള ബോധവത്ക്കരണ പരിപാടികള്‍ക്കാണ് ഇതോടെ തുടക്കമായത്.ഇന്ത്യന്‍ മീഡിയ ഫോറവുമായി സഹകരിച്ചാണ് യുഎഇ ജലപരിസ്ഥിതി വകുപ്പ് ക്യാംപെയിന് തുടക്കമിട്ടിരിക്കുന്നത്