ന്യൂഡല്‍ഹി: കുറ്റവാളികളായ ജനപ്രതിനിധികളെ അയോഗ്യരാക്കുന്നത് തടഞ്ഞ ഓര്‍ഡിനന്‍സ് സംബന്ധിച്ച നിലപാടിലുറച്ച് പ്രധാനമന്ത്രിക്ക് രാഹുല്‍ഗാന്ധി കത്തെഴുതി. മന്ത്രിസഭയും കോര്‍കമ്മറ്റിയും എടുത്ത തീരുമാനത്തോട് യോജിപ്പില്ലെന്നും ഓര്‍ഡിനന്‍സ് രാഷ്ട്രീയ എതിരാളികള്‍ ദുരുപയോഗം ചെയ്യുകയാണെന്നും കത്തില്‍ വിശദമാക്കിയിട്ടുണ്ട്. അമേരിക്കയില്‍നിന്ന് തിരിച്ചെത്തിയാല്‍ വിമര്‍ശനം മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനിടെ കൂടുതല്‍ മന്ത്രിമാര്‍ രാഹുലിന് പിന്തുണയുമായി രംഗത്തെത്തി.രാഹുലിന്റെ നിലപാട് ശരിയാണെന്ന് കേന്ദ്രമന്ത്രി ശശി തരൂര്‍ പറഞ്ഞു. സര്‍ക്കാര്‍ നിലപാടിനെ ന്യായീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും തരൂര്‍ പറഞ്ഞു.

സര്‍ക്കാര്‍ ചെയ്തത് ശുദ്ധ വിവരക്കേടാണെന്നും ഓര്‍ഡിനന്‍സ് വലിച്ചെറിയണമെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഒത്തുതീര്‍പ്പിന് വഴങ്ങരുതെന്നും കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ രാഷ്ട്രീയ പരിഗണനകള്‍ക്ക് വഴങ്ങുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.കുറ്റവാളികളായ ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരായ ഓര്‍ഡിനന്‍സിന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേന്ദ്രം അംഗീകാരം നല്‍കിയത്. ഓര്‍ഡിനന്‍സ് കഴിഞ്ഞ ദിവസം രാഷ്ട്രപതിയുടെ പരിഗണനയ്ക്കും വിട്ടു. സുപ്രീംകോടതി വിധിയെ അടിയന്തരമായി ഓര്‍ഡിനന്‍സിലൂടെ മറികടക്കാനുള്ള സാഹചര്യമെന്താണെന്ന് രാഷ്ട്രപതി ആരാഞ്ഞിരുന്നു.