തിരുവനന്തപുരം: ഡാറ്റാ സെന്റർ കൈമാറ്റ കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതിയിൽ നിലപാടെടുത്ത സംസ്ഥാന സർക്കാരിനെതിരെ വിമർ‌ശനവുമായി കെ.മുരളീധരൻ എം.എൽ.എ രംഗത്ത്.സിപിഐഎമ്മിനെ സഹായിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് കെ.മുരളീധരന്‍ ആരോപിച്ചു. വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പരാതി അറിയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്നാണ് യുഡിഎഫ് തീരുമാനം. സർക്കാർ ഈ തീരുമാനത്തിൽ നിന്ന് പിന്മാറിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും മുരളി പറഞ്ഞു.

സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട് ഇടതുപക്ഷത്തെ സഹായിക്കുന്നതാണ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലും സർക്കാരിന്റെ നിലപാടുകൾ ഇടതുപക്ഷത്തിന് അനുകൂലമായിരുന്നു. കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന നിലപാട് അംഗീകരിക്കാനാവില്ല. ഇതിനെതിരെ കെ.പി.സി.​സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകുമെന്നും മുരളീധരൻ പറഞ്ഞു.