ന്യൂഡല്‍ഹി: വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കു ബാങ്കിങ് ലൈസന്‍സ് നല്‍കരുതെന്നു പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തു.
മുന്‍ ധനകാര്യമന്ത്രിയും, ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ അധ്യക്ഷനായ പാര്‍ലമെന്റ് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കു ബാങ്കിങ് ലൈസന്‍സ് നല്‍കാനുള്ള നീക്കത്തെ എതിര്‍ത്തുകൊണ്ടു റിപ്പോര്‍ട്ട് നല്‍കിയത്. സമിതിയിലെ എല്ലാ അംഗങ്ങളും ഒറ്റക്കെട്ടായാണ് ഈ നിലപാട് സ്വീകരിച്ചത്. ലൈസന്‍സ് അനുവദിക്കാനുള്ള ആര്‍ബിഐയുടെ സ്വതന്ത്ര അധികാരം എടുത്തുകളയണമെന്നും സമിതി ശുപാര്‍ശ ചെയ്തു.

അനില്‍ അംബാനിയുടെ റിലയന്‍സ്, ടാറ്റാ ഗ്രൂപ്പ്, കുമാര്‍ മംഗലം ബിര്‍ല, വന്‍കിട സ്വകാര്യ ഫൈനാന്‍സ് സ്ഥാപനങ്ങള്‍ തുടങ്ങി നിരവധി അപേക്ഷകള്‍ ബാങ്കിങ് ലൈസന്‍സിനായി റിസര്‍വ് ബാങ്ക് ഇന്ത്യയ്ക്കു മുമ്പിലുണ്ട്. അപേക്ഷകള്‍ അംഗീകരിക്കരുതെന്നാണു സ്റ്റാന്റിങ് കമ്മിറ്റിയുടെ ശുപാര്‍ശ. ബാങ്കിങ് രംഗം കോര്‍പ്പറേറ്റ് ശക്തികളുടെ കൈകളിലാകുന്നതു സാമ്പത്തിക മേഖലയ്ക്ക് ഗുണകരമാകില്ലെന്ന് സമിതി വിലയിരുത്തി.

ലോകത്ത് ഒരിടത്തും കോര്‍പ്പറേറ്റുകളെ ബാങ്കിങ് രംഗത്തേക്കു പ്രവേശിക്കാന്‍ അനുവദിച്ചിട്ടില്ല. ലൈസന്‍സ് അനുവദിക്കാനുള്ള ആര്‍ബിഐയുടെ സ്വതന്ത്ര അധികാരം എടുത്തുകളയണമെന്നും ഇതുസംബന്ധിച്ച മാര്‍ഗരേഖയില്‍ മാറ്റംവരുത്തണമെന്നും സമിതി ശുപാര്‍ശ ചെയ്തു. സ്റ്റാന്റിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സ്പീക്കര്‍ മീരാകുമാറിനു കൈമാറി.