കേംബ്രിജ്:രാഷ്ട്രീയക്കാര്‍ക്ക് സമൂഹത്തെ വലിയ തോതില്‍ സ്വാധീനിക്കാന്‍ കഴിയുമെന്നതിനാല്‍ രാഷ്ട്രീയക്കാരിയാകാന്‍ ആഗ്രഹിക്കുന്നുവെന്ന് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടി താലിബാന്റെ ആക്രമണത്തിന് ഇരയായ മലാല യൂസഫ്‌സായി.ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ ഈ വര്‍ഷത്തെ മനുഷ്യസ്‌നേഹി പുരസ്‌കാരം ഏറ്റുവാങ്ങിയ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് പതിനാറുകാരിയായ മലാല തന്‍റെ അഭിപ്രായം പ്രകടിപ്പിച്ചത്. പാകിസ്ഥാനിലെ സ്വാത് താഴ്‌വരയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വരികെയാണ് മലാല താലിബാന്‍ ആക്രമണത്തിന് ഇരയാകുന്നത്. സ്വാത് താഴ്‌വരയിലേക്ക് എന്നെങ്കിലും മടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മലാല പറഞ്ഞു.കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ താലിബാന്‍ ആക്രമണത്തില്‍ തലയ്ക്ക് വെടിയേറ്റ് ചികിത്സയ്ക്കായി ബ്രിട്ടനിലെത്തിയ മലാല പിന്നീട് അവിടെ നിന്നും പാക്കിസ്ഥാനിലേക്ക് മടങ്ങിയിട്ടില്ല.