ചെന്നൈ: ബി.സി.സി.ഐ പ്രസിഡന്റായി മൂന്നാം വർഷവും എൻ.ശ്രീനിവാസൻ തുടരും. ദക്ഷിണമേഖലയുടെ പ്രതിനിധിയായി മത്സരിക്കുന്ന ശ്രീനിവാസനെതിരെ ആരും നാമനിർദ്ദേശ പത്രിക നൽകാത്തതിനാൽ എതിരില്ലാതെ അദ്ദേഹം തന്നെ തെരഞ്ഞെടുക്കപ്പെടും.അതേസമയം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാലും ശ്രീനിവാസനോട് ചുമതലയേൽക്കരുതെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. നാളെയാണ് തെരഞ്ഞെടുപ്പ്.

ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് രാജീവ് ശുക്ള,​ മുംബയ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് രവി സാവന്ത്,​ ഡൽഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സ്നേ ബൻസൽ എന്നിവരായിരിക്കും പുതിയ മൂന്നു വൈസ് പ്രസിഡന്റുമാർ. അരുൺ ജെയ്‌റ്റ്‌ലി,​ നിരഞ്ജൻ ഷാ,​ സുധീർ ദബീർ എന്നിവർ തുടരാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ശുക്ള അടക്കമുള്ളവരെ തിരഞ്ഞെടുത്തത്. അതേസമയം ശ്രീനിവാസൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരികെ എത്തുന്നതിൽ പ്രതിഷേധിച്ചാണ് ജെയ്റ്റ്‌ലി അടക്കമുള്ളവർ തുടരേണ്ടെന്ന് തീരുമാനിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.