ലക്‌നൗ: സസ്‌പെന്‍ഷനു ശേഷം സര്‍വീസില്‍ തിരിച്ചെടുത്ത ഉത്തര്‍പ്രദേശിലെ ഐഎഎസ് ഓഫീസര്‍ ദുര്‍ഗ ശക്തി നാഗ്പാലിനെ അഖിലേഷ് യാദവ് സര്‍ക്കാര്‍ സ്ഥലം മാറ്റി. കാണ്‍പൂര്‍ ദേഹത് (റൂറല്‍) ജോയിന്റ് മജിസ്‌ട്രേറ്റ് ആയാണ് സ്ഥലംമാറ്റിയത്. ഗൗതംബുദ്ധനഗര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആയിരിക്കേ മണല്‍ മാഫിയക്കെതിരെ നടത്തിയ പോരാട്ടമാണ് ജൂലൈ 27ന് ദുര്‍ഗയുടെ സസ്‌പെന്‍ഷനില്‍ കലാശിച്ചത്. സസ്‌പെന്‍ഷന്‍ വിവാദമായതോടെ ഇക്കഴിഞ്ഞ ഞായറാഴ്ച ദുര്‍ഗയെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കുകയായിരുന്നു.

ഒരു മുസ്ലീം പള്ളിയുടെ മതില്‍ പൊളിച്ചതാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്ന കാരണമെങ്കിലും സമാജ്‌വാദി പാര്‍ട്ടി ഉന്നതന്റെ നേതൃത്വത്തിലുള്ള മണല്‍ കടത്തിനു തടയിട്ടതാണ് യഥാര്‍ഥ കാരണമെന്ന പുറത്തുവന്നിരുന്നു.സര്‍ക്കാര്‍ ഇന്നലെ 25 ഐഎഎസ് ഓഫീസര്‍മാരെ സ്ഥലംമാറ്റിയതിനൊപ്പമാണ് ദുര്‍ഗയെയും ഉള്‍പ്പെടുത്തിയത്. 2010 ഐഎഎസ് ബാച്ചിലെ ഓഫീസറാണ് ദുര്‍ഗ.