വാഷിങ്ടണ്‍: സിറിയയിലെ രാസായുധങ്ങള്‍ നശിപ്പിക്കുന്നതിനുള്ള പ്രമേയത്തിന് ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ അംഗീകാരം. അമേരിക്കയും റഷ്യയും തമ്മില്‍ ധാരണയിലെത്തിയ കരട് പ്രമേയത്തെ രക്ഷാ സമിതിയിലെ 15 അംഗരാഷ്ട്രങ്ങളും ഒറ്റക്കെട്ടായി പിന്താങ്ങി. റഷ്യയുടെ എതിര്‍പ്പിനെതുടര്‍ന്ന് കരടില്‍ അമേരിക്കയും യൂറോപ്യന്‍ യൂനിയനും നിര്‍ദേശിച്ച ചില കടുത്ത വാചകങ്ങള്‍ പിന്‍വലിച്ചു. ചരിത്രപരമായ നീക്കമാണ് ഇതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ പറഞ്ഞു. തങ്ങളുടെ നിലപാടിന്റെ ജയമാണ് ഇതെന്ന് വൈറ്റ് ഹൌസ് പ്രഖ്യാപിച്ചു.സിറിയയിലെ രാസായുധങ്ങള്‍ 2014 പകുതിയോടെ നശിപ്പിക്കാനുള്ള പദ്ധതി രാജ്യാന്തര കെമിക്കല്‍ ഏജന്‍സി കൈകൊണ്ടതിന് പിന്നാലെയാണ് യുഎന്നില്‍ പ്രമേയം പാസാക്കിയിരിക്കുന്നത്.

രാജ്യത്തെ രാസായുധങ്ങള്‍ പൂര്‍ണമായി നശിപ്പിക്കാന്‍ രണ്ടര വര്‍ഷത്തെ സമയമാണ് ഐക്യരാഷ്ട്ര സഭ സിറിയയ്ക്ക് നല്‍കിയത്. നിരോധനം നടപ്പിലാക്കിയില്ലെങ്കില്‍ രക്ഷാ സമിതിയുടെ അനുമതിയോടെ സിറിയക്കെതിരെ സൈനിക നടപടി സ്വീകരിക്കാമെന്നാണ് വ്യവസ്ഥ. സിറിയന്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ നവംബര്‍ മധ്യത്തില്‍ ഐക്യരാഷ്ട്രസഭ വീണ്ടും യോഗം ചേരും.ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയയിലെ രാസായുധങ്ങള്‍ നശിപ്പിക്കുക ഏറെ ശ്രമകരമായ ദൗത്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ആഗസ്റിന് 21 ന് നൂറു കണക്കിന് പേരുടെ മരണത്തിന് ഇടയാക്കിയ ഗൌട്ടയിലെ ആക്രമണത്തിന് ശേഷവും സിറിയയില്‍ രാസായുധ ആക്രമണം നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഇവയുള്‍പ്പെടെയുള്ള രാസായുധ ആക്രമണങ്ങളെ കുറിച്ച് ഐക്യരാഷ്ട്ര സഭയുടെ ആയുധ പരിശോധക സംഘം അന്വേഷിക്കുന്നുണ്ട്. അതേ സമയം സിറിയയില്‍ വിമതരും സേനയും തമ്മില്‍ രൂക്ഷമായ പോരാട്ടം തുടരുകയാണ്. കഴിഞ്ഞ ദിവസം റാന്‍കസിലെ മുസ്ലീം പള്ളിക്ക് സമീപം നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ 20 പേര്‍ മരിച്ചു