ദാരിദ്ര്യം മാനസികാരോഗ്യത്തെ ബാധിക്കുന്നതായി പഠനം. ദാരിദ്ര്യം മൂലം തലച്ചോറിന്റെ ശക്തി കുറയുകയും മാനസികാരോഗ്യത്തെ ഈ അവസ്ഥ സാരമായി ബാധിക്കുകയും ചെയ്യുന്നതായി പുതിയ പഠനം വ്യക്തമാക്കുന്നു. ദാരിദ്ര്യവും സാമ്പത്തികമായുള്ള പിന്നോക്കാവസ്ഥയും കാരണം ഐ ക്യു 13 വരെ താഴുന്നതായാണ് പഠനത്തില്‍ വെളിവായത്. ഇതുകാരണം ജീവിതത്തില്‍ കുടുതല്‍ പിഴവുകള്‍ ഉണ്ടാകുകയും ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു. ഇത് ജീവിതത്തെ സാരമായി ബാധിക്കുന്നു. ഒരാള്‍ ദരിദ്രനാകുമ്പോള്‍ സാമ്പത്തിക പ്രശ്നം മാത്രമല്ല, മാനസികമായി ദുര്‍ബലപ്പെടുകയും ചെയ്യുന്നതായി പഠനസംഘത്തിലുണ്ടായിരുന്നു ഇന്ത്യക്കാരനായ സെന്തില്‍ മുല്ലൈനാഥന്‍ പറയുന്നു. ഹവാര്‍ഡ് സര്‍വ്വകലാശാലയിലെ ഇക്കണോമിക്സ് വിഭാഗം പ്രൊഫസറാണ് സെന്തില്‍ മുല്ലൈനാഥന്‍.

നിരന്തരമായ ഗവേഷണത്തിലൂടെയാണ് ദാരിദ്ര്യം മാനസികാരോഗ്യത്തെ ബാധിക്കുന്നതായുള്ള നിര്‍ണായക കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഇന്ത്യയിലെ കര്‍ഷകര്‍ക്കിടയിലും ഇത്തരം പ്രശ്നങ്ങളുണ്ടെന്ന് പഠനറിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നുണ്ട്. പഠനസംഘത്തില്‍ അമേരിക്കയിലെയും ബ്രിട്ടനിലെയും സര്‍വ്വകലാശാലകളില്‍ നിന്നും ഹവാര്‍ഡ്, പ്രിന്‍സ്ടണ്‍, സര്‍വ്വകലാശാലകളില്‍ നിന്നുമുള്ള ഗവേഷകരുണ്ടായിരുന്നു. ജേര്‍ണല്‍ സയന്‍സ് എന്ന മാസികയില്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.