ന്യൂഡല്‍ഹി: ബിസിസിഐക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ബിസിസിഐയുടെ വിശ്വാസ്യത നഷ്ടപ്പെട്ടത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ക്രിക്കറ്റിന്റെ പ്രധാനപ്പെട്ട സംഘടനയില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ ആശങ്കയുണ്ടെന്നും കോടതി വ്യക്തമാക്കി. ഐപിഎല്ലുമായും ബിസിസിഐയുമായും ബന്ധപ്പെട്ട് ഒരുപാട് വിവരങ്ങള്‍ ഓരോ ദിവസം പുറത്തുവരുന്നുണ്ട്. ഇന്ത്യയിലെ ക്രിക്കറ്റ് ഭരണം നിയന്ത്രിക്കുന്ന ബിസിസിഐയില്‍ എന്തൊക്കെയോ ഗുരുതര പ്രശ്നങ്ങളുണ്ടെന്നതാണ് ഇത് കാണിക്കുന്നത്. ബിസിസിഐ പ്രസഡന്റായി തെരഞ്ഞെടുക്കപ്പെട്ട എന്‍ ശ്രീനിവാസന്‍ അധികാരമേല്‍ക്കുന്നത് സംബന്ധിച്ച് അടുത്ത മാസം ഏഴിന് വിധി പറയുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

അതേസമയം, ബിസിസിഐ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്രീനിവാസന്‍ ഐപിഎല്ലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്ന് പൂര്‍ണമായും വിട്ടു നില്‍ക്കുമെന്ന് ബിസിസിഐയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഐപിഎല്‍ ഒത്തുകളിയെക്കുറിച്ച് അന്വേഷിക്കാനായി അരുണ്‍ ജെയ്റ്റ്ലി, വിവേക് ഗുപ്ത എന്നിവരടങ്ങിയ കമ്മീഷനെ നിയോഗിക്കുമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ശ്രീനിവാസനെ ബിസിസിഐ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്.ബിസിസിഐ അധ്യക്ഷസ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും തല്‍ക്കാലം അധികാരമേല്‍ക്കില്ലെന്ന് ശ്രീനിവാസന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മറ്റുഭാരവാഹികളോട് ചുമതലയേറ്റെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശ്രീനിവാസന്‍ പറഞ്ഞു.