ന്യൂഡല്‍ഹി: രാഷ്ട്രീയ നേതാക്കളെ വധിക്കാന്‍ തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പദ്ധതി തയ്യാറാക്കിയതായി കേന്ദ്രആഭ്യന്തര മന്ത്രാലയം. മാവോയിസ്റ്റ് മാതൃകയിലുള്ള ആക്രമണമാണ് രാജ്യത്ത് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ലക്ഷ്യമിടുന്നതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. മാവോയിസ്റ്റുകളുടെ സഹായത്തോടെ വലിയ തോതില്‍ ആയുധങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കാനും ഇന്ത്യന്‍ മുജാഹിദ്ദീന്‍ ശ്രമിക്കുന്നതായാണ് വിവരം.രാജ്യത്തെമ്പാടും സ്ഫോടനങ്ങൾ നടത്താൻ പാക് ചാരസംഘടന ഐ.എസ്.ഐ അവർക്ക് 24 കോടി രൂപ നൽകിയിട്ടുമുണ്ട്. അറസ്റ്റിലായ മുജാഹിദീൻ നേതാവ് റിയാസ് ഭട്കൽ ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങള്‍ സമ്മതിച്ചത്.

ഇന്ത്യയില്‍ നുഴഞ്ഞുകയറയിട്ടുള്ള തീവ്രവാദികള്‍ക്ക് രഹസ്യമായി താമസിക്കുന്നതിനും, യാത്ര ചെയ്യുന്നതിനും, സ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനുമാണ് ഈ തുകയെന്നും വ്യക്തമായിട്ടുണ്ട്.തിരഞ്ഞെടുപ്പ് പ്രകടനങ്ങൾ, പൊതുയോഗങ്ങൾ എന്നിവയ്ക്കിടയിൽ നേതാക്കളെ വകവരുത്താനാണ് പരിപാടി. ഭട്കലിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ നേതാക്കൾക്ക് ശക്തമായ സുരക്ഷ ‌‌ഏർപ്പെടുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് കർശന നിർദ്ദശം നൽകിയിട്ടുണ്ട്.