സാന്‍ഫ്രാന്‍സിസ്കോ: ലോകത്തിലെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡെന്ന പദവി സോഫ്റ്റ് ഡ്രിങ്ക് നിര്‍മാതാക്കളായ കൊക്ക കോളയില്‍ നിന്നും ആപ്പിള്‍ കരസ്ഥമാക്കി.ലോകത്തിലെ ഏറ്റവും മൂല്യമേറിയ 100 ബ്രാന്‍ഡുകളെ തെരഞ്ഞെടുക്കുന്ന ഒമ്നികോം ഗ്രൂപ്പിന്റെ പട്ടികയിലാണ് ആപ്പിള്‍ കൊക്ക കോളയെ പിന്തള്ളിയത്. പുതിയ പട്ടികയില്‍ കൊക്ക കോള മൂന്നാം സ്ഥാനത്താണ്. ഗൂഗിള്‍ ആണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തായിരുന്നു ഗൂഗിള്‍.

ബ്രാന്‍ഡ് റാങ്കിംഗ് തുടങ്ങിയതിനുശേഷം ഇതാദ്യമായാണ് കൊക്ക കോള ഒന്നാം സ്ഥാനം കൈവിടുന്നത്. 2011ലെ ബ്രാന്‍ഡിംഗ് പട്ടികയില്‍ എട്ടാം സ്ഥാനത്തായിരുന്ന ആപ്പിള്‍ കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. ബ്രാന്‍ഡ് റാങ്കിംഗ് അനുസരിച്ച് 98.3 ബില്യണ്‍ ഡോളറാണ് ആപ്പിളിന്റെ ബ്രാന്‍ഡ് മൂല്യം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 28 ശതമാനം കൂടുതലാണിത്. കൊക്ക കോളയുടെ ബ്രാന്‍ഡ് മൂല്യം കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് രണ്ടു ശതമാനം ഉയര്‍ന്ന് 79.2 ബില്യണ്‍ ഡോളറിലെത്തിയെങ്കിലും ആപ്പിളിന്റെ കുതിച്ചുച്ചാട്ടത്തെ മറികടക്കാനായില്ല.

ഈ വര്‍ഷത്തെ ബ്രാന്‍ഡിംഗ് പട്ടികയില്‍ ഐബിഎം നാലാം സ്ഥാനത്തും മൈക്രോസോഫ്റ്റ് അഞ്ചാം സ്ഥാനത്തുമാണ്. സാംസംഗ് എട്ടാം സ്ഥാനത്തും ഇന്റല്‍ ഒമ്പതാം സ്ഥാനത്തുമാണ്. ആദ്യപത്തിലെ അഞ്ചു സ്ഥാപനങ്ങളും ടെക്നോളജി രംഗത്തു നിന്നുള്ളവയാണെന്ന പ്രത്യേകതയും ഉണ്ട്. ഫേസ്ബുക്ക് കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് 17 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 52ാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. ബ്രാന്‍ഡിംഗ് പട്ടികയില്‍ ഇടംനേടുന്ന ജനറല്‍ മോട്ടോര്‍സിന്റെ ആദ്യ ബ്രാന്‍ഡായി ഷെവര്‍ലെറ്റ് മാറി. 89ാം സ്ഥാനത്താണ് ഷെവര്‍ലെറ്റിന്റെ സ്ഥാനം.