ദുബായ്: ഏഷ്യന്‍ സീനിയര്‍ മെന്‍സ് വോളിബോള്‍ ടൂര്‍ണമെന്റ് ദുബായില്‍ തുടങ്ങി. എട്ട് ദിവസം നീണ്ട് നില്‍ക്കുന്നതാണ് ടൂര്‍ണമെന്റ്. ദുബായില്‍ രണ്ട് ഇടങ്ങളിലായിട്ടാണ് ഏഷ്യന്‍ സീനിയര്‍ മെന്‍സ് വോളിബോള്‍ ടൂര്‍ണമെന്റ് നടക്കുന്നത്. ഹംദാന്‍ സ്‌പോര്‍ട്സ് കോംപ്ലക്‌സ്, അല്‍നാസര്‍ ക്ലബ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ കളികാണാന്‍ എത്തുന്നുണ്ട്. ചിലര്‍ അവധിയെടുത്താണ് വോളിബോള്‍ കളികാണാന്‍ എത്തിയത്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നായി 21 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. എട്ട് പൂളുകളായിട്ടാണ് പ്രാരംഭ മത്സരങ്ങള്‍. ചൊവ്വാഴ്ച മുതല്‍ ക്ലാസിഫിക്കേഷന്‍ മാച്ചുകള്‍ ആരംഭിക്കും. എട്ട് ദിവസങ്ങളിലായിട്ടാണ് പതിനേഴാമത് ഏഷ്യന്‍ സീനിയര്‍ മെന്‍സ് വോളിബോള്‍ ടൂര്‍ണമെന്റ് അരങ്ങേറുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് യുഎഇ ഒരു അന്താരാഷ്ട്ര വോളിബോള്‍ മത്സരത്തിന് വേദിയാകുന്നത്.