പട്ന: ബിഹാറിലെ കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് റാഞ്ചി പ്രത്യേക സിബിഐ കോടതി. അഴിമതി, ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ് അദ്ദേഹത്തിനെതിരായ കുറ്റങ്ങള്‍. ലാലുവിനെതിരായ ശിക്ഷ വ്യാഴാഴ്ച വിധിയ്ക്കും. മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് കോടതി ചുമത്തിരിക്കുന്നത്. ലാലു പ്രസാദ് യാദവിന്‍റെ ലോക് സഭാംഗത്വം ഇതോടെ നഷ്ടമായി.ജനപ്രതിനിധകള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവരുടെ ജനപ്രതിനിധി സ്ഥാനം നഷ്ടമാകും എന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണിത്. വിധിക്കു ശേഷം ലോക്‌സഭാംഗത്വം നഷ്ടമാകുന്ന ആദ്യ രാഷ്ട്രീയനേതാവാണ് ലാലുപ്രസാദ് യാദവ്.ലാലുവിനെയും കേസിലെ മറ്റ് പ്രതികളെയും ഇന്ന് തന്നെ ജയിലിലേക്ക് കൊണ്ടുപോകും. ഒക്ടോബര്‍ മൂന്നിന് ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും ലാലു ശിക്ഷാവിധി കേള്‍ക്കുക. ലാലു പ്രസാദ് യാദവ് അടക്കം 45 പേരാണ് കേസിലെ പ്രതികള്‍.സിബിഐ ജഡ്ജി പ്രവാസ്കുമാറാണ് കേസ് പരിഗണിച്ചത്.

1990ലാണ് ലാലുവിനെതിരെ സിബിഐ കേസെടുത്തത്. കാലിത്തീറ്റ കുംഭകോണത്തെതുടര്‍ന്ന് ബിഹാര്‍ സര്‍ക്കാരിന് 37.7 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. ലാലുവിനു പുറമെ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗനാഥ്മിശ്ര, ജെഡിയു എംപി ജഗദീഷ്ശര്‍മ എന്നിവരും പ്രതികളാണ്. ഐക്യ ബിഹാര്‍ കാലഘട്ടത്തില്‍ കാലിത്തീറ്റയുടെ പേരില്‍ വ്യാജബില്‍ ഉപയോഗിച്ച് ചൈബാസ ട്രഷറിയില്‍നിന്ന് 37.7 കോടി പിന്‍വലിച്ചെന്നാണ് കേസ്. ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രതിനിധി അയോഗ്യരാക്കപ്പെടുമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കാലിത്തീറ്റ കുംഭകോണക്കേസ് ഏറെ നിര്‍ണായകമാണ്. നിലവില്‍ ജാര്‍ഖണ്ഡിലാണ് ചൈബാസ ട്രഷറി. ആര്‍സി 20എ/96 എന്ന നമ്പറിലുള്ള കേസിലാണ് ലാലു പ്രസാദ് ഉള്‍പ്പെട്ടത്.

കാലിത്തീറ്റ കുംഭകോണത്തില്‍ 61 കേസുകളില്‍ 53 കേസുകളാണ് സിബിഐ കോടതിയുടെ പരിഗണനയിലുള്ളത്. ലാലുപ്രസാദ് യാദവും ജഗന്നാഥ് മിശ്രയും ഇതില്‍ അഞ്ചു കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു. ആദ്യമായാണ് ലാലു പ്രസാദ് യാദവ് പ്രതിയായ കേസില്‍ വിധി പറയുന്നത്. ബിഹാര്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കാലിത്തീറ്റ, മൃഗങ്ങള്‍ക്കുള്ള മരുന്ന്, ആശുപത്രി ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതില്‍ കോടികളുടെ അഴിമതി നടത്തിയെന്നാണ് കേസ്. രാജ്യത്തെ പിടിച്ചുകുലുക്കിയ കാലിത്തീറ്റ കേസ് ആദ്യം പുറത്തുവന്നത് 1996ലാണ്. കേസില്‍ 1997 ല്‍ ഗവര്‍ണര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയതിനെ തുടര്‍ന്ന് ലാലുപ്രസാദ് യാദവ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ റാബ്റി ദേവി മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുകയായിരുന്നു.