കൊച്ചി: നെടുമ്പാശേരി സ്വര്‍ണ്ണക്കടത്ത് കേസില്‍ മലബാറിലെ ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് സിബിഐ അന്വേഷണം ഊര്‍ജ്ജിതമാക്കി.നെടുമ്പാശേരി വിമാനത്താവളം വഴി ആറു തവണയായി സ്വര്‍ണ്ണം എത്തിച്ചത് മലബാറിലെ പ്രമുഖ ജ്വല്ലറികളിലേക്കായിരുന്നെന്ന് ഫായിസ് മൊഴി നല്‍കിയിരുന്നു. ഫായിസിനെ സഹായിച്ച കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. 12 കോടി രൂപയുടെ സ്വര്‍ണ്ണം ഇങ്ങനെ കൈമാറിയതായി കസ്റ്റംസും സത്യവാങ്മൂലം നല്‍കിയിരുന്നു. വിമാനത്താവളത്തില്‍ വെച്ച് സ്വര്‍ണ്ണം ഇടപാടുകാര്‍ക്ക് കൈമാറുന്നതിന്റെ സിസിഡിവി ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിട്ടുണ്ട്. ഇവര്‍ പ്രമുഖ ജ്വല്ലറികളുടെ വിശ്വസ്തരാണെന്ന് സൂചന ലഭിച്ചു. ഈ സാഹചര്യത്തിലാണ് ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് സിബിഐ അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.

ഫായിസില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങിയതായി പല ജ്വല്ലറി ഉടമകളും സമ്മതിച്ചതായി അറിയുന്നു. ഓരോ തവണയും വലിയ അളവിലാണ് സ്വര്‍ണ്ണം വാങ്ങിയിരുന്നത്. സ്വര്‍ണ്ണക്കട്ടികളുടെ ഇറക്കുമതി തീരുവ 10 ശതമാനമാക്കി ഉയര്‍ത്തിയതോടെയാണ് ജ്വല്ലറികള്‍ ഫായിസിനെ ആശ്രയിക്കാന്‍ തുടങ്ങിയത്. അതിനിടെ മുഖ്യപ്രതി ഫായിസിന്റേയും മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ മാധവന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സുനില്‍ കുമാര്‍, സോണി എന്നീ ഉദ്യോഗസ്ഥരുടെയും ഫായിസിന്റേയും മൂന്നു വര്‍ഷത്തെ ബാങ്ക് ഇടപാടുകള്‍ സിബിഐ പരിശോധിക്കും. സ്വര്‍ണ്ണക്കടത്തിന് ഫായിസിനെ സഹായിച്ച കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.