റാഞ്ചി: ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റ കുംഭകോണക്കേസില്‍ വിധി ഇന്ന്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ലാലുവിന്റെ ലോക്‌സഭാംഗത്വം നഷ്ടപ്പെടും.സംസ്ഥാന വിഭജനത്തിനു മുന്‍പ് ബീഹാറില്‍ ഉള്‍പ്പെട്ടിരുന്ന ചൈബാസ ട്രഷറിയില്‍ നിന്ന് അനധികൃതമായി 37.7 കോടി രൂപ പിന്‍വലിച്ചെന്നാണ് കേസ്. ഇപ്പോള്‍ ജാര്‍ഖണ്ഡ് സംസ്ഥാനത്തിലാണ് ഈ ട്രഷറി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കാലിത്തീറ്റ, മൃഗങ്ങള്‍ക്കുള്ള മരുന്ന്, ആശുപത്രി ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതില്‍ കോടികളുടെ അഴിമതി നടത്തിയെന്നാണ് കേസ്.

റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയാണ് വിധി പറയുന്നത്. വിധികേള്‍ക്കാന്‍ ലാലു റാഞ്ചിയിലെത്തിയിട്ടുണ്ട്.മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ 46 പ്രതികളാണു കേസിലുള്ളത്. കാലിത്തീറ്റ കുംഭകോണത്തില്‍ ആകെയുള്ള 61ല്‍ 53 കേസുകളാണ് സിബിഐ കോടതിയുടെ പരിഗണനയിലുള്ളത്. ലാലു പ്രസാദ് യാദവ് ഇതില്‍ അഞ്ചു കേസുകളിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ലാലു പ്രതിയായ കേസുകളിലെ ആദ്യ വിധിയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. തട്ടിപ്പ്, കുറ്റകരമായ ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങളാണ് ലാലുവിനെതിരെയുള്ളത്.കാലിത്തീറ്റ കേസ് പുറത്തുവന്നത് 1996ലാണ്. 17 വര്‍ഷത്തിനു ശേഷമാണ് ലാലു ഉള്‍പ്പെട്ട ഈ കേസില്‍ വിധി വരുന്നത്.