കാനോ: നൈജീരിയയില്‍ കോളജിനു നേരേ തോക്ക്ധാരികള്‍ നടത്തിയ ആക്രമണത്തില്‍ 50 വിദ്യാര്‍ഥികള്‍ മരിച്ചു.വടക്കുകിഴക്കന്‍ നൈജീരിയയിലെ യോബെയില്‍ ബോക്കോ ഹറാം ഭീകരര്‍ കോളേജ് ഡോര്‍മിറ്ററി ആക്രമിച്ചാണ് ഉറങ്ങിക്കിടന്ന വിദ്യാര്‍ഥികളെ വെടിവെച്ചുകൊന്നത്. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഗുജ്ബയിലെ കാര്‍ഷിക കോളേജില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം. ക്ലാസ്മുറികള്‍ക്ക് ഭീകരര്‍ തീയിടുകയും ചെയ്തു. ആയിരത്തോളം വിദ്യാര്‍ഥികള്‍ ഓടിരക്ഷപ്പെട്ടു.

യോബെയില്‍ സമീപകാലത്ത് ബോക്കോ ഹറാം ഭീകരര്‍ ഒട്ടേറെ ആക്രമണങ്ങള്‍ നടത്തിയിരുന്നു. പാശ്ചാത്യവിദ്യാഭ്യാസം നിഷിദ്ധമാണ് എന്നാണ് ‘ബോക്കോ ഹറാം’ എന്ന വാക്കിന്റെ അര്‍ഥം. സ്‌കൂളുകളും കോളേജുകളും ആക്രമിക്കുന്നത് ഇവരുടെ പതിവാണ്. ജൂലായില്‍ മാമുഡോയില്‍ സ്‌കൂള്‍ ആക്രമിച്ച് 41 കുട്ടികളെ തീവെച്ചും വെടിവെച്ചും കൊലപ്പെടുത്തിയിരുന്നു. ഭീകരസംഘടനയെ തകര്‍ക്കാന്‍ അടുത്തയിടെ ശക്തമായ സൈനിക നടപടിയുണ്ടായെങ്കിലും ഫലിച്ചിട്ടില്ല. വിദൂരമേഖലകളിലാണ് ഭീകരരുടെ ആക്രമണങ്ങള്‍ കൂടുതലും. കാര്യമായ സുരക്ഷാസാന്നിധ്യങ്ങളില്ലാത്ത ഇത്തരം സ്ഥലങ്ങളിലെ നിസ്സഹായരായ ജനങ്ങളാണ് കൂടുതലും ആക്രമണങ്ങള്‍ക്കിരയാവുന്നത്.

2001-ലാണ് ബോക്കോ ഹറാം സ്ഥാപിതമാകുന്നത്. ഇസ്‌ലാമിക സ്റ്റേറ്റിനായി നാലുവര്‍ഷം മുമ്പ് അവര്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. സ്ഥാപകനേതാവ് മുഹമ്മദ് യൂസഫ് 2009-ല്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. പിന്നീട് നേതാവായ അബൂബക്കര്‍ ഷെക്കാവുവിനെ കഴിഞ്ഞ ആഗസ്തില്‍ വധിച്ചെന്ന് സൈന്യം അവകാശപ്പെട്ടെങ്കിലും തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല.