ന്യൂഡൽഹി: മുസ്ലീം യുവാക്കളെ അകാരണമായി തടവിലിടരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇത് ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് സുശീല്‍കുമാര്‍ ഷിന്‍ഡെ കത്തയച്ചു. ഭീകരബന്ധം ആരോപിച്ച് തെറ്റായി തടവിലിടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായി ആഭ്യന്തരമന്ത്രി കത്തില്‍ പറയുന്നു.മുസ്ളീം യുവാക്കൾ അകാരണമായി പൊലീസിനാൽ പീഡിപ്പിക്കപ്പെടുന്നു എന്ന പരാതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ചതായി ഷിൻഡെ കത്തിൽ ചൂണ്ടിക്കാട്ടി. മുസ്ളീങ്ങളെ മന:പൂർവം പീഡിപ്പിക്കാനാണ് പൊലീസിന്റെയും ഭരണാധികാരികളുടെയും നീക്കമെന്ന ചിന്ത സമൂഹത്തിൽ ഉണ്ടാകുന്നതിന് ഇത് ഇടയാക്കുമെന്നും കത്തിൽ പറയുന്നു. ഭീകരത എല്ലാവിധത്തിലും അടിച്ചമർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ അതിന്റെ പേരിൽ നിരപരാധികൾ പീഡിപ്പിക്കപ്പെടാൻ ഇടയാവരുത്. സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തിലാണ് നിഷ്‌കളങ്കരായ മുസ്ലീംയുവാക്കളെ ഭീകരതയുടെ പേരില്‍ അന്യായമായി തടവിലിടരുതെന്ന് ഷിന്‍ഡെ ആവശ്യപ്പെട്ടത്. അന്യായമായി തടവില്‍ കഴിയുന്നവരെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കത്തില്‍ ഷിന്‍ഡെ പറയുന്നു. മാത്രമല്ല, ഇവരെ അറസ്റ്റ് ചെയ്യുന്ന പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും ഷിന്‍ഡെ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു

ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിന് ഹൈക്കോടതിയുമായി ആലോചിച്ച് പ്രത്യേക കോടതികൾ സ്ഥാപിക്കണം. കേസിന്റെ നടത്തിപ്പിനായി സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരെ നിയമിക്കണമെന്നും ഷിൻഡെ നിർദ്ദേശിച്ചു.എന്നാല്‍ ആഭ്യന്തരമന്ത്രി അടിയന്തരമായി ഉത്തരവ് പിന്‍വലിക്കണമെന്നും രാജ്യത്തോട് മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഷിന്‍ഡെയുടെ ഉത്തരവ് ജനാധിപത്യവിരുദ്ധവും മതേതരത്വത്തിന് എതിരാണെന്നും ബിജെപി നേതാവ് എം വെങ്കയ്യ നായിഡു പറഞ്ഞു.കുറ്റം ചെയ്തതിന് തെളിവുകള്‍ പോലും ഇല്ലാതെയാണ് പലപ്പോഴും ഭീകരരെന്ന് ആരോപിക്കപ്പെട്ട് നിരവധി മുസ്ലീം യുവാക്കള്‍ ദീര്‍ഘകാലം ജയിലുകളില്‍ കഴിയുന്നതെന്ന് കാണിച്ച് ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ റഹ്മാന്‍ സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്ക് കത്തയച്ചിരുന്നു.