വാഷിങ്ടണ്‍: അമേരിക്ക സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ വൈറ്റ് ഹൗസ് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ വൈറ്റ് ഹൗസ് ഉത്തരവിട്ടു. പ്രാദേശിക സമയം പുലര്‍ച്ചെ 12.01 ന് അടച്ചുപൂട്ടല്‍ അറിയിപ്പ് വന്നു. ബജറ്റ് പാസാകാതെ വന്നതാണ് പ്രതിസന്ധിയിലേക്ക് അമേരിക്കയെ തള്ളിയിട്ടത്. രാജ്യത്തെ എട്ട് ലക്ഷത്തോളം ജീവനക്കാര്‍ ഇതോടെ ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കേണ്ടി വരും. രാജ്യത്ത് 17 വര്‍ഷത്തിനിടെ ഇതാദ്യമായാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടുന്നത്.

ഒബാമയുടെ സ്വപ്‌ന പദ്ധതിയായ ആരോഗ്യ പരിരക്ഷാ പദ്ധതി സംബന്ധിച്ച് യുഎസ് കോണ്‍ഗ്രസില്‍ ഭിന്നത നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ ബജറ്റ് പാസ്സാക്കിയില്ല. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.ആരോഗ്യ രക്ഷാ പദ്ധതിക്ക് 3000 കോടി ഡോളര്‍ നീക്കിവെക്കാനുള്ള ഒബാമയുടെ തീരുമാനത്തോട് റിപ്പബ്ലിക്കന്‍ പക്ഷത്തിന് ഭൂരിപക്ഷമുള്ള യുഎസ് കോണ്‍ഗ്രസ്സിന് യോജിപ്പില്ല. ആരോഗ്യ പദ്ധതി നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്ക് നീട്ടിവെക്കുകയോ റദ്ദാക്കുകയോ ചെയ്താല്‍ ബജറ്റിനെ പിന്തുണയ്ക്കാമെന്നാണ് റിപ്പബ്ലിക്കന്‍ പക്ഷത്തിന്‍റെ നിലപാട്. പദ്ധതി ഒരു വര്‍ഷം വൈകിപ്പിക്കുന്നതിന് അനുകൂലമായി യുഎസ് കോണ്‍ഗ്രസ് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.ഉടന്‍ തീരുമാനമായില്ലെങ്കില്‍ അവശ്യ സേവനങ്ങളൊഴികെ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും നിശ്ചലമാകും.’ഒബാമകെയര്‍’ എന്നറിയപ്പെടുന്ന ആരോഗ്യരക്ഷാ പദ്ധതി വൈകിപ്പിക്കുന്ന ഏത് ബില്ലിനെയും വീറ്റോ ചെയ്യുമെന്നാണ് ഒബാമയുടെ ഭീഷണി. ആരോഗ്യഇന്‍ഷുറന്‍സ് ഇല്ലാത്ത ലക്ഷക്കണക്കിനാളുകള്‍ക്ക് അത് ലഭ്യമാക്കാന്‍വേണ്ടിയുള്ളതാണ് ‘ഒബാമകെയര്‍’. ഒബാമയുടെ ഭീഷണി വകവെക്കാതെയാണ് ജനപ്രതിനിധി സഭ ബില്‍ ഒരുവര്‍ഷത്തേക്ക് വൈകിപ്പിക്കാന്‍ അനുമതി നല്‍കിയത്.

അതേസമയം അമേരിക്ക നേരിടുന്ന സാമ്പത്തിക അടിയന്തരാവസ്ഥാ ഭീഷണി പൂര്‍ണമായും ഒഴിവാക്കാനാകുമെന്ന് ഒബാമ പ്രതീക്ഷ പ്രകടിപ്പിച്ചു. ആരോഗ്യ പദ്ധതി വൈകിപ്പിക്കുന്ന റിപ്പബ്ലിക്കന്‍ നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. യുഎസ് കോണ്‍ഗ്രസ് നിലപാടിനെ വീറ്റോ ചെയ്യാന്‍ പ്രസിഡന്റിന് അധികാരമുണ്ട്.സാമ്പത്തിക അടിയന്തരാവസ്ഥ അമേരിക്കയില്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കും ഇടയാക്കും. 1995 ന്റെ അന്ത്യം മുതല്‍ 96ന്റെ ആദ്യം വരെയാണ് അമേരിക്കയില്‍ അവസാനമായി സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.