തിരുവനന്തപുരം: ഹൈടെക് മോഷ്ടാവ് ബണ്ടിചോറിനെ തിരുവനന്തപുരത്തെ മാനസികാരോഗ്യ ആശുപത്രിയിലേക്ക് മാറ്റി. മജിസ്‌ട്രേറ്റിന്റെ തീരുമാനത്തെ തുടര്‍ന്നാണ് നടപടി. ജയില്‍ ചാടാന്‍ പദ്ധതിയിട്ട സാഹചര്യത്തില്‍ ജയിലില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.ഏകാന്ത തടവില്‍ പാര്‍പ്പിച്ചതിനൊപ്പം ഇയാളുടെ ചലനങ്ങളും സിസിടിവിയിലൂടെ നിരീക്ഷിച്ചു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ സമയത്ത് ബണ്ടിചോര്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചു. ഇയാളുടെ മാനസികാരോഗ്യം ശരിയല്ലെന്ന ബണ്ടിചോറിന്റെ അഭിഭാഷകന്റെ വാദം കൂടി പരിഗണിച്ചാണ് മാനസിക ആശുപത്രിയിലേക്ക് മാറ്റാന്‍ മജിസ്‌ട്രേറ്റ് നിര്‍ദ്ദേശിച്ചത്.കോടതി നിര്‍ദ്ദേശം ജയിലിലെത്തിയതോടെ ബണ്ടിയെ ഊളംപാറ ആശുപത്രിയിലേക്ക് മാറ്റി.

റിയാലിറ്റി ഷോകളിലൂടെയും ഹൈടെക്ക് മോഷണങ്ങളിലൂടെയും കുപ്രസിദ്ധനായ ബണ്ടിചോറിനെ തിരുവനന്തപുരം മുട്ടടയില്‍ നടന്ന മോഷണ കേസിലാണ് കേരള പോലീസ് പിടികൂടിയത്. തുടര്‍ന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇയാളെ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെ ജയില്‍ ചാടാന്‍ പദ്ധതിയിട്ടെന്ന വിവരത്തെ തുടര്‍ന്ന് ബണ്ടിചോറിന്റെ സുരക്ഷ കര്‍ശനമാക്കി. തടവുചാടാന്‍ സാധ്യതയുണ്ടെന്ന ജയില്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബണ്ടിക്ക് ശക്തമായ കാവല്‍ ഏര്‍പ്പെടുത്താന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.