തിരുവനന്തപുരം: ഡാറ്റാ സെന്റർ സ്വകാര്യ കമ്പനിയായ റിലയൻസിന് കൈമാറിയ കേസ് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇക്കാര്യം ഏഴാം തീയതി സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോൾ സർക്കാർ അറിയിക്കും.കേസിൽ സി.ബി.​ഐ അന്വേഷണം നടത്തില്ലെന്ന് നേരത്തെ സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ അറ്റോണി ജനറൽ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനെതിരെ ഘടകകക്ഷികളുടെ ഭാഗത്ത് നിന്ന് രൂക്ഷമായ വിമർശനമാണ് സർക്കാരിനു നേരെയുണ്ടായത്.

ഡാറ്റാ സെന്ററിന്റെ നടത്തിപ്പ് ചുമതലയില്‍ നിന്ന് സിഡാക്കിനെ മാറ്റിയാണ് റിലയന്‍സിന് കൈമാറിയത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍, വിവാദ വ്യവസായി ടി ജി നന്ദകുമാര്‍ തുടങ്ങിയവരുടെ പങ്ക് അന്വേഷിക്കണമെന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടപ്പോഴാണ് കേസില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് അഡ്വക്കറ്റ് ജനറല്‍ അറിയിച്ചത്.എന്നാല്‍ സിബിഐ അന്വേഷണം സുപ്രീംകോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. സിബിഐ അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വ്യവസായ പ്രമുഖന്‍ ടി ജി നന്ദകുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു സ്‌റ്റേ. സിബിഐ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു നന്ദകുമാറിന്റെ വാദം. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസില്‍ സര്‍ക്കാര്‍ ഇടപെടുകയായിരുന്നുവെന്നും നന്ദകുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.