കൊച്ചി:ഭീകര പ്രവര്‍ത്തനത്തിനായി മലയാളി യുവാക്കളെ കാശ്‌മീരിലേക്കു റിക്രൂട്ട്‌ ചെയ്‌ത കേസില്‍ ലഷ്‌കറെ തയ്ബ ഭീകരനും മൂന്നാം പ്രതിയുമായ തടിയന്റവിട നസീർ അടക്കം 13 പ്രതികൾ കുറ്റക്കാരണെന്ന് കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതി വിധിച്ചു. നസീറിനെ കൂടാതെ അബ്‌ദുല്‍ ജലീൽ,​ സർഫ്രാസ് നവാസ് എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയവരിൽ പ്രമുഖർ. അഞ്ചു പേരെ വെറുതെ വിട്ടു. കുറ്റക്കാർക്കുള്ള ശിക്ഷ നാലാം തീയതി പ്രഖ്യാപിക്കും.

ബദറുദ്ദീൻ,​ പി.കെ.അനസ്‌, മുഹമ്മദ്‌ നൈനാർ,​ ​ ഷെനീജ്,​ അബ്ദുൾ ഹമീദ് എന്നിവരെയാണ് വെറുതെ വിട്ടത്. ദേശവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിനെതിരെ യുദ്ധംചെയ്യല്‍ എന്നീ ഗുരുതര കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. കേസില്‍ ആകെ 24 പ്രതികളാണുണ്ടായിരുന്നത്. പ്രതികളായ നാല് മലയാളികള്‍ 2008 ഒക്‌ടോബറില്‍ കശ്മീരില്‍ വെച്ച് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. നാല് യുവാക്കള്‍ പാകിസ്താനിലേക്ക് നുഴഞ്ഞുകയറുന്നതിനായി അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. നാലുപേര്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടായിരുന്നതായി എന്‍.ഐ.എ. കണ്ടെത്തി. പ്രതികളായ പാക്‌സ്താന്‍കാരന്‍ വാലി എന്ന അബ്ദുള്‍ റഹിമാന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് സാബിര്‍ എന്നിവരെ പിടികൂടാനായില്ല. ശേഷിക്കുന്ന 18 പേരാണ് രഹസ്യ വിചാരണ നേരിട്ടത്.

കാശ്‌മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തയ്യില്‍ തൈക്കണ്ടി ഫയാസ്‌, തായത്തെരു മുഴത്തടം അറഫയില്‍ ഫായിസ്‌, പരപ്പനങ്ങാടി അബ്‌ദുല്‍ റഹീം, വെണ്ണല മുഹമ്മദ്‌ യാസിന്‍ എന്ന റെയ്‌മോന്‍ എന്നിവരെ തീവ്രവാദ പ്രവര്‍ത്തനത്തിനു റിക്രൂട്ടു ചെയ്‌ത സംഭവമാണ്‌ കേസിനാധാരം.ലഷ്‌കര്‍ഇതോയിബയുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളും പ്രവര്‍ത്തിച്ചിരുന്നതായി എന്‍.ഐ.എ. ആരോപിച്ചിരുന്നു. കശ്മീര്‍ റിക്രൂട്ട്‌മെന്‍റ് കേസിലെ പ്രതികള്‍ക്ക് പാകിസ്താന്‍ വഴി ലക്ഷങ്ങളുടെ ഫണ്ട് കിട്ടിയിരുന്നതായി എന്‍.ഐ.എ. കോടതിയില്‍ വ്യക്തമാക്കി. കണ്ണൂര്‍ എടക്കാട്‌ പൊലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത ഈ കേസ്‌ പിന്നീട്‌ എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു.