ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 3.05 രൂപ കുറച്ചു. ഡീസല്‍ വില 50 പൈസ കൂട്ടി. പുതുക്കിയ വില തിങ്കളാഴ്ച അര്‍ധരാത്രിമുതല്‍ നിലവില്‍വന്നു. മെയ് മാസത്തിനുശേഷം തുടര്‍ച്ചയായി ഏഴുതവണ പെട്രോള്‍വില കൂട്ടിയ ശേഷമാണ് ഇപ്പോള്‍ മൂന്നുരൂപ കുറച്ചത്. 12.53 പൈസയാണ് ഇക്കാലയളവില്‍ പെട്രോളിന് വിലവര്‍ധിപ്പിച്ചത്. കഴിഞ്ഞ സെപ്തംബര്‍ 13ന് ഒരു രൂപ 63 പൈസ വര്‍ധിപ്പിച്ചിരുന്നു. അസംസ്കൃത എണ്ണവില ബാരലിന് 102 ഡോളറില്‍ താഴെയെത്തിയിരുന്നു.ഇതേസമയം ഡിസലിന് എല്ലാമാസവും 50 പൈസ വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് വില വര്‍ധിപ്പിച്ചത്. പതിവുള്ള വില വര്‍ധനക്ക് പുറമെ ഡീസല്‍ വില കൂട്ടണമെന്ന് എണ്ണ കമ്പനികള്‍ ആവശ്യപ്പെട്ടു.

പുതുതായി ചുമതലയേറ്റ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ രൂപയുടെ മൂല്യമിടിയുന്നത് തടയാന്‍ സ്വീകരിച്ച നടപടികളും സിറിയക്കെതിരായ ആക്രമണം ഒഴിഞ്ഞതിനെത്തുടര്‍ന്ന് അന്താരാഷ്ട്രകമ്പോളത്തില്‍ അസംസ്‌കൃതഎണ്ണയുടെ വില കുറഞ്ഞതുമാണ് വിലക്കുറവിന് വഴിയൊരുക്കിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടതും പെട്രോളിന് വില കുറക്കാന്‍ കാരണമായിട്ടുണ്ട്.