കൊച്ചി:സലീംരാജുമായി ബന്ധപ്പെട്ട ഭൂമി തട്ടിപ്പ്‌കേസില്‍ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയതായി പരാതിക്കാരന്റെ ആരോപണം.സലിം രാജിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കാന്‍ ചെന്നപ്പോള്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയെന്ന് നാസര്‍ പറഞ്ഞു. ഇടപ്പള്ളി പത്തടിപ്പാലത്തെ ഭൂമി തട്ടിപ്പ് കേസിലെ പരാതിക്കാരനാണ് നാസര്‍. ഈ പരാതിയില്‍ മുഖ്യമന്ത്രി ആദ്യം അനുകൂലമായ നിലപാടായിരുന്നു കൈക്കൊണ്ടത്. എന്നാല്‍ 21-ാം തീയതി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ സ്വരം മാറുകയാണുണ്ടായത്. തന്റെ ഭൂമി ഏറ്റെടുക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയാണ് എന്നായിരുന്നു അന്ന് മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയത്.
ഈ കേസില്‍ സലിംരാജിനെ ഒഴിവാക്കി പോലീസ് കഴിഞ്ഞ ദിവസം എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു.തന്റെ പരാതി ശരിയാണെന്ന് മുഖ്യമന്ത്രിയുടെ മുന്നില്‍ വെച്ച് സമ്മതിച്ച സലിംരാജ് തെളിവുകളുണ്ടോയെന്ന് വെല്ലുവിളിച്ചെന്നും നാസര്‍ പറയുന്നു.

പിന്നീട് വീട്ടില്‍ വന്നും സലിംരാജ് തങ്ങളെ ഭീഷണിപ്പെടുത്തി. ഗണ്‍മാന്‍ സ്ഥാനം നഷ്ടപ്പെട്ട ശേഷവും മുഖ്യമന്ത്രി സലിം രാജിനെ സംരക്ഷിക്കുന്നുവെന്നും നാസര്‍ ആരോപിച്ചു. സലിം രാജിനെതിരായ കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് തൊട്ടു പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പരാതിക്കാരന്‍ രംഗത്തുവന്നത്.നാസറിന്റെയും ബന്ധുക്കളുടെയും പേരിലുള്ള പത്തടിപ്പാലത്തെ 1.16 ഏക്കര്‍ ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. സലിംരാജിന്റെ സഹോദരീ ഭര്‍ത്താവിന്റെ അയല്‍ക്കാരനാണ് നാസര്‍. ഇവരെ കൂട്ടുപിടിച്ച് സലിംരാജ് തന്റെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് നാസറിന്റെ പരാതി. സലിം രാജിന്റെ ബന്ധുക്കളെ പ്രതിചേര്‍ത്താണ് കേസില്‍ പോലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.