ന്യൂഡൽഹി: തിരഞ്ഞെടുത്ത പെട്രോള്‍ പമ്പുകളിലൂടെ പാചക വാതക സിലിണ്ടറുകള്‍ വില്‍ക്കാന്‍ പെട്രോളിയം മന്ത്രാലയത്തിന്‍റെ അനുമതി. ഇഷ്ടമില്ലാത്ത ഗ്യാസ് ഏജൻസികളെ ഒഴിവാക്കി മെച്ചപ്പെട്ട സേവനം നൽകുന്നവ തിരഞ്ഞെടുക്കുന്നതിന് പാചകവാതക ഉപയോക്താക്കൾക്ക് അവസരം നൽകുന്ന എൽ.പി.ജി പോർട്ടബിലിറ്റി സംവിധാനം തിരുവനന്തപുരവും കൊച്ചിയുമുൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ നടപ്പിലാക്കുന്നതിനും തീരുമാനമായി.

അ‍ഞ്ചു കിലോഗ്രാം വരുന്ന ചെറിയ എൽ.പി.ജി സിലിണ്ടറുകൾ മെട്രോ നഗരങ്ങളിൽ എണ്ണക്കമ്പനികളുടെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പുകൾ വഴി വിതരണം ചെയ്യും. എണ്ണ കമ്പനികള്‍ നേരിട്ട് നടത്തുന്ന പെട്രോള്‍ പമ്പുകളിലൂടെയാണ് വിപണി വിലക്ക് സിലിണ്ടറുകളുടെ വില്പന നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. നിലവിലുള്ള സബ്‌സിഡി നിരക്കിന്റെ ഇരട്ടിയായിരിക്കും വില. ഒക്ടോബര്‍ അഞ്ചിന് ബാംഗ്ലൂരില്‍ മന്ത്രി വീരപ്പൊമെയ്‌ലി സിലിണ്ടര്‍ വില്പനയുടെ ഉദ്ഘാടനം നിര്‍വഹിക്കും. കാര്യക്ഷമമല്ലാത്ത ഗ്യാസ് ഏജൻസികളെ എണ്ണക്കമ്പനികളുടെ വെബ്സൈറ്റ് വഴി ഒഴിവാക്കാൻ കഴിയുന്നതാണ് പുതിയ സംവിധാനം. ഒരു ഉപയോക്താവിന് തങ്ങളുടെ പ്രദേശത്തുള്ള ഏത് കമ്പനിയുടെയും ഏത് ഏജൻസിയെയും തിരഞ്ഞെടുക്കാൻ അവസരമുണ്ടായിരിക്കും.
ചെറിയ സിലിണ്ടറുകൾ വിൽക്കാനുള്ള സംവിധാനം തൽക്കാലം ഇന്ത്യയിലെ 1440 പമ്പുകളിൽ മാത്രമാണ് നിലവിലുള്ളത്. ഇത്രയും പമ്പുകളാണ് എണ്ണക്കമ്പനികളുടെ ഉടമസ്ഥതയിലുള്ളത്.

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗ്ലുരു എന്നിവിടങ്ങളിലെ പമ്പുകളില്‍ മാത്രമാണ് തല്‍ക്കാലം സിലിണ്ടര്‍ വില്പന നടത്തുന്നത്. മറ്റ് നഗരങ്ങളില്‍നിന്ന് വന്ന് താമസിക്കുന്ന ഐ.ടി, ബി.പി.ഒ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ സൗകര്യം കണക്കിലെടുത്താണ് സിലിണ്ടര്‍ വില്പന പെട്രോള്‍ പമ്പുകളിലൂടെ നടത്താന്‍ തീരുമാനിച്ചതെന്ന് എണ്ണ മന്ത്രാലയം പറയുന്നു.