ജമ്മു: അതിർത്തിയിൽ പാകിസ്ഥാൻ സൈന്യം അതിരൂക്ഷമായ വെടിവെയ്പ് നടത്തുകയും ഒരു ഗ്രാമവും ചില ഇന്ത്യൻ പോസ്റ്റുകളും കൈയടക്കുകയും ചെയ്തു. ഹെലികോപ്റ്ററുകളും മറ്റും ഉപയോഗിച്ച് തിരിച്ചടിച്ച ഇന്ത്യൻ സൈന്യം 22 പാക് ഭടന്മാരെ കൊലപ്പെടുത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. നിരവധി ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റു. ഒൻപതു ദിവസം തുടർച്ചയായി നടന്ന വെടിവെയ്പിൽ അഞ്ച് ഇന്ത്യൻ ഭടന്മാർക്ക് പരിക്കേറ്റു. പിടിച്ചെടുത്ത ഗ്രാമം ഒഴിപ്പിച്ചിട്ടുണ്ട്.

തീവ്രവാദികളല്ല,​ പാക്‌സൈന്യത്തിലെ സ്‌പെഷ്യൽ ഫോഴ്സാണ് കടന്നുകയറിയതെന്ന് റിപ്പോർട്ടുണ്ട്. ഇക്കാര്യം ഇവരുടെ യൂണിഫോമുകളിൽനിന്ന് വ്യക്തമായിട്ടുണ്ട്. അതിർത്തിയിലെ സംഭവവികാസങ്ങളിൽ ചിലത് സൈന്യം നിഷേധിക്കുകയും ചിലത് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്താണ് നടന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. ഇന്ത്യ​-പാക് ചർച്ച അട്ടിമറിക്കാൻ പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് ശ്രമം നടക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നതുകൊണ്ട് അതിർത്തിയിൽ ഇന്ത്യൻ സൈന്യം ജാഗ്രത പുലർത്തുന്പോഴായിരുന്നു അക്രമം. പൂഞ്ചിൽ നിയന്ത്രണ രേഖയ്ക്കുസമീപത്തുള്ള ഷാല ഭട്ട എന്ന ഗ്രാമമാണ് പാക് സൈന്യം കൈയടക്കിയത്.

2001-2002 നുശേഷം ഇതാദ്യമായാണ് പാകിസ്ഥാൻ ഇന്ത്യൻ പ്രദേശം സ്വന്തമാക്കിയത്. അതിർത്തിയിലെ റോന്തുചുറ്റൽ കുമാവോൺ റജിമെന്റിൽനിന്ന് ഗൂർഖ റജിമെന്റ് ഏറ്റെടുക്കുന്ന സമയം നോക്കിയായിരുന്നു പാക് കടന്നുകയറ്റം. മുൻപ് അഞ്ച് ഇന്ത്യൻ സൈനികരെ പാക് സൈന്യംവെടിവച്ചുകൊന്നത് ഇതുപോലെ അധികാരകൈമാറ്റം നടത്തുന്ന സമയത്തായിരുന്നു. നിയന്ത്രണരേഖയിലെ പ്രവർത്തനങ്ങൾ പാക്‌സൈന്യം കൃത്യമായി നിരീക്ഷിക്കുന്നുവെന്നതിന്റെ തെളിവാണിതെന്ന് ഇന്ത്യൻ സൈന്യം ചൂണ്ടിക്കാട്ടുന്നു.

മൻമോഹൻ​-നവാസ് ഷെരീഫ് ചർച്ച നടക്കുന്നതിന് ഒരാഴ്ച മുൻപായിരുന്നു പാക് നുഴഞ്ഞുകയറ്റം ആരംഭിച്ചതും തുടർന്ന് വെടിവെയ്പുണ്ടായതും. ഇടയ്ക്കിടെ നിയന്ത്രണ രേഖയിലെ വിജനപ്രദേശങ്ങൾ ഇരുസൈന്യവും കൈയടക്കാറുണ്ടെന്ന് സൈനിക കേന്ദ്രങ്ങൾ അറിയിച്ചു. പിന്നീട് പിൻവാങ്ങാറുമുണ്ട്. പക്ഷേ ഇത്തവണ സ്ഥിതി ഗുരുതരമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. മുപ്പതു മുതൽ നാല്പതു വരെ സൈനിക‌ർ നുഴഞ്ഞുകയറിയെന്ന് റിപ്പോർട്ടുണ്ട്.