ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് കോര്‍പറേഷന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ബില്‍ ഗേറ്റ്സിനെ മാറ്റാന്‍ കമ്പനിയുടെ മൂന്ന് പ്രമുഖ നിക്ഷേപകര്‍ സമ്മര്‍ദം ചെലുത്തുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും ഓഹരി വില ഉയര്‍ത്തുന്നതിനുമായി നിലവിലെ ചീഫ് എക്സിക്യൂട്ടീവ് സ്റ്റീവ് ബാള്‍മറിനുമേല്‍ കനത്ത സമ്മര്‍ദമുണ്ട്. 2000ത്തില്‍ ആണ് ഗേറ്റ്സ് സി.ഇ.ഒ സ്ഥാനം ബാള്‍മറിന് കൈമാറിയത്. കമ്പനിയുടെ പുതിയ നയങ്ങള്‍ രൂപവല്‍ക്കരിക്കുന്നതിന് ഗേറ്റ്സിന്റെ സാന്നിധ്യം തടസ്സാമാവുന്നുവെന്നാണ് ഇവരുടെ വാദം. 38 വര്‍ഷം മുമ്പ് സ്ഥാപിതമായ മൈക്രോസോഫ്റ്റിന്റെ സഹ സ്ഥാപകന്‍ ആണ് ബില്‍ ഗേറ്റ്സ്. 277 ബില്യണ്‍ ഡോളര്‍ ആസ്ഥിയുള്ള മൈക്രോസോഫ്റ്റിന്റെ 4.5 ശതമാനം ഓഹരിയാണ് ബില്‍ഗേറ്റ്സിനുള്ളത്. മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമകൂടിയാണ് ഗേറ്റ്സ്.

ഗേറ്റ്സ് തന്റെ ജീവകാരുണ്യ സ്ഥാപനങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതും നിക്ഷേപകരെ അസ്വസ്ഥപ്പെടുത്തുന്നു. അതേമസയം, ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ മൈക്രോസോഫ്റ്റ് പ്രതിനിധി വിസമ്മതിച്ചു. പ്രധാനാമയും ഇരുപതോളം ഓഹരി നിക്ഷേപകരാണ് മൈക്രോസോഫ്റ്റിലുള്ളത്. ഇതിലെ മൂന്ന് നിക്ഷേപകരുടെ ആവശ്യത്തിനുമേല്‍ അനുകൂല തീരുമാനം കമ്പനി കൈകൊള്ളാന്‍ സാധ്യത കുറവാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 277 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള കമ്പനിയുടെ 4.5 ശതമാനം ഓഹരി ബില്‍ ഗേറ്റ്സിന്‍റേതാണ്. വ്യക്തിഗത ഓഹരിയില്‍ ഏറ്റവും കൂടിയതാണിത്. 1986 ല്‍ കമ്പനി പബ്ലിക് ഇഷ്യു ഇറക്കുന്നതിന് മുമ്പ് 49 ശതമാനം ഓഹരികളും ഗേറ്റ്സിനായിരുന്നു. മുന്‍ നിശ്ചയിച്ച പദ്ധതിപ്രകാരം ഒരു വര്‍ഷം 80 മില്യന്‍ ഡോളറിന്റെ ഓഹരികള്‍ വീതം ഗേറ്റ്സ് വിറ്റഴിച്ചിരുന്നു. ഇത് തുടരുകയാണെങ്കില്‍ 2018 ഓടെ കമ്പനിയില്‍ ഓഹരിയൊന്നും ബാക്കിയില്ലാത്തയാളായി ഗേറ്റ്സ് മാറും.സ്മാര്‍ട് ഫോണുകളുടെയും ടാബ്ലറ്റുകളുടെയും കടന്നുകയറ്റം പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ക്ക് മങ്ങലേല്‍പിച്ചത് കമ്പനിയുടെ വിന്‍ഡോസ് സോഫ്റ്റ് വെയറിന് തിരിച്ചടിയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടി ആണ് ഒരു വിഭാഗം ഗേറ്റ്സിനെതിരെ രംഗത്തുവന്നിരിക്കുന്നത്.