rahul-gandhi-meets-manmohan-singh

ന്യുഡല്‍ഹി:ജനപ്രാതിനിധ്യ നിയമഭേദഗതി ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തി. ഓര്‍ഡിന്‍സ് സംബന്ധിച്ച് താന്‍ നടത്തിയ പ്രസ്താവന വിവാദമായതില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ഖേദം അറിയിച്ചു. വിദേശ പര്യടനം കഴിഞ്ഞെത്തിയ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിലെത്തിയ നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുല്‍ ഖേദം പ്രകടിപ്പിച്ചത്. ഓര്‍ഡിനന്‍സിനെതിരായ പൊതുജനവികാരം പ്രകടിപ്പക്കുക മാത്രമാണ് ചെയ്തത്. പ്രസ്താവന വിവാദമായതില്‍ ഖേദമുണ്ട്. ഓര്‍ഡിനന്‍സ് വിഷയത്തില്‍ മന്ത്രിസഭയ്ക്ക് തീരുമാനമെടുക്കാം. ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നതാണ് ഉചിതം. ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതില്‍ രാഷ്ട്രപതിക്കും അതൃപ്തിയുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയെ അധിക്ഷേപിക്കാനും താഴ്ത്തിക്കെട്ടാനും ശ്രമിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കാനോ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന ശക്തമായ നിര്‍ദേശം രാഹുല്‍ പ്രധാനമന്ത്രിക്കു മുന്നില്‍ വയ്ക്കാനോ രാഹുല്‍ തയ്യാറായില്ല.

അതേസമയം, വിദേശപര്യടനത്തിലായിരിക്കേ രാഹുല്‍ നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി അതൃപ്തി അറിയിച്ചു. ഓര്‍ഡിനന്‍സ് കൊണ്ടുവരാനുണ്ടായ സാഹചര്യം മന്‍മോഹന്‍ സിംഗ് രാഹുലിനെ ഓര്‍മ്മിപ്പിച്ചു. സുപ്രീം കോടതി വിധി മറികടക്കാന്‍ ഉചിതമായ നടപടി വേണമെന്ന് രാഷ്ട്രീയ കക്ഷികളില്‍ നിന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. സര്‍വ്വകക്ഷി യോഗത്തില്‍ എടുത്ത തീരുമാനപ്രകാരം ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നു. എന്നാല്‍ തെലുങ്കാന വിഷയത്തില്‍ സഭ തുടര്‍ച്ചയായി തടസ്സപ്പെട്ടതിനാല്‍ ബില്‍ പാസ്സാക്കാന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് നിയമ മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഇതിന് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയുടെ അംഗീകാരവും ഉണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ പാര്‍ലമെന്റംഗം കൂടിയായ രാഹുലിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഇരുവരും തമ്മിലുള്ള ചര്‍ച്ച നടന്നത്. കൂടിക്കാഴ്ച 25 മിനിറ്റോളം നീണ്ടുനിന്നു.