മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നുവെന്ന വാര്‍ത്ത മോഹന്‍ലാല്‍ തന്നെ നിഷേധിച്ചു. പ്രണവ് മോഹന്‍ലാല്‍ സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്നുവെന്ന വാര്‍ത്ത ഓണ്‍ലൈന്‍ ഗോസിപ്പുകളിലൊന്ന് മാത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ മേജര്‍ രവിയുടെ സംവിധാനത്തില്‍ പ്രണവ് നായകനാകുന്നുവെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കര്‍മ്മയോദ്ധയുടെ ഓഡിയോ റിലീസിംഗില്‍ പങ്കെടുത്തതും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ചില മത്സരങ്ങളില്‍ മോഹന്‍ലാലിനൊപ്പം എത്തിയതുമായിരുന്നു പ്രണവിനെ രണ്ടാംവരവ് പ്രവചിക്കാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പ്രേരണയായത്.

മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച് കൊണ്ട് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമനില്‍ പ്രണവ് ബാലതാരമായി പ്രത്യക്ഷപ്പെട്ടിരുന്നു.പുനര്‍ജനി എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരവും പ്രണവ് സ്വന്തമാക്കിയിരുന്നു. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.