ന്യൂയോര്‍ക്ക്: അമേരിക്കയുടെ സര്‍ക്കാര്‍ ഖജനാവ് പൂട്ടിയത് നാണ്യവിപണിയില്‍ ഡോളറിന് തിരിച്ചടിയാകും. ഖജനാവ് പൂട്ടുന്നത് കൂടുതല്‍ ദിവസം തുടര്‍ന്നാല്‍ അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ പിന്‍വലിക്കുന്നത് വൈകിപ്പിക്കും. ഇതോടെ ഡോളറിന്റെ മൂല്യം ഇടിയുകയും രൂപ ഉള്‍പ്പെടെയുള്ള കറന്‍സികള്‍ കുതിച്ചുയരുകയും ചെയ്യും.ഖജനാവ് പൂട്ടിയതു മൂലം പ്രതിദിനം 30 കോടി ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സപ്തംബര്‍ 17ന് ശേഷം ഇതുവരെ 0.75 ശതമാനം ഇടിവാണ് ഡോളര്‍ സൂചികയിലുണ്ടായത്. അതിനിടെ, വ്യാഴാഴ്ച രൂപയുടെ മൂല്യം കുതിച്ചുയര്‍ന്നു. ഒരു ഡോളിന് 51 പൈസ താഴ്ന്ന് 61.95 രൂപയായി.