പാലക്കാട്: ഷൊര്‍ണൂര്‍ – മംഗലാപുരം റെയില്‍പ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായുള്ള സിഗ്നല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം പ്രവര്‍ത്തനരഹിതമാകുന്നതിനാല്‍ ട്രെയിനുകള്‍ കൂടുതല്‍ സമയം വൈകാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ അറിയിച്ചു.
നോണ്‍ ഇന്റര്‍ലോക്ക്ഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ ട്രെയിനുകള്‍ക്കു ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഷൊര്‍ണൂരില്‍ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കഴിഞ്ഞ മാസം 25നു തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടത്തിനാണ് ഇന്നു തുടക്കമാകുന്നത്. ഇന്നാരംഭിക്കുന്ന നോണ്‍ ഇന്റര്‍ലോക്ക്ഡ് പ്രവര്‍ത്തനങ്ങള്‍ ഈ മാസം 16 വരെ നീണ്ടു നില്‍ക്കും. ഇതിന്റെ ഭാഗമായി ഷൊര്‍ണൂരിലെ ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം ഇന്നു മുതല്‍ പ്രവര്‍ത്തനരഹിതമാകും. പകരം മനുഷ്യ നിയന്ത്രിത സംവിധാനത്തിലേക്ക് സിഗ്നലുകള്‍ മാറും.

ഷൊര്‍ണൂരില്‍ നിന്നും നിലമ്പൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ഭാഗങ്ങളിലേക്കുള്ള സിഗ്നല്‍ മനുഷ്യ നിയന്ത്രിത സംവിധാനത്തിലേക്ക് മാറുന്നതിനാല്‍ ട്രെയിനുകള്‍ ഇതുവരെ വൈകിയതിനേക്കാള്‍ കൂടുതല്‍ സമയം വൈകാന്‍ സാധ്യതയുണ്ട്. സിഗ്നല്‍ നവീകരണത്തിന്റെ ഭാഗമായി കൂടുതല്‍ ട്രെയിനുകള്‍ക്ക് റെയില്‍വേ ഇന്ന് മുതല്‍ നിയന്ത്രണമേര്‍പ്പെടുത്തി. ചെന്നൈയില്‍ നിന്നും മംഗലാപുരം വരെ പോകുന്ന എഗ്മോര്‍ എക്സ്പ്രസ് ചെന്നൈക്കും പാലക്കാടിനുമിടയില്‍ മാത്രമാക്കി പുനഃക്രമീകരിച്ചു. നിലമ്പൂര്‍ – തിരുവനന്തപുരം രാജ്യറാണി എക്സ്പ്രസ് പാലക്കാട് നിന്നാകും ഈ മാസം 16 വരെ പുറപ്പെടുക. ഒപ്പം കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകളും ഈ കാലയളവില്‍ റദ്ദാക്കുമെന്നു റെയില്‍വേ അറിയിച്ചു.