ന്യൂഡല്‍ഹി: ഡാറ്റാസെന്റര്‍ കൈമാറ്റ കേസില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. സിബിഐ അന്വേഷണം വേണ്ടെന്ന അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതിയുടെ നിയമോപദേശം സര്‍ക്കാര്‍ തള്ളി.കേസിൽ സി.ബി.ഐ അന്വേഷണം നടത്താൻ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന് വേണ്ടി ചീഫ് സെക്രട്ടറി ഇ.കെ.ഭരത്‌ഭൂഷണാണ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്. കേസിൽ സി.ബി.ഐ അന്വേഷണം നടത്തുന്നതിന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഡാറ്റാസെന്റര്‍ കൈമാറ്റത്തെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നതായി സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.ഡാറ്റാസെന്റര്‍ കൈമാറ്റകേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് താന്‍ സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കിയെന്നാണ് നേരത്തെ സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതി സുപ്രീംകോടതിയില്‍ അറിയിച്ചത്.

എന്നാല്‍ കേസില്‍ അന്വേഷണം വേണ്ടെന്ന നിലപാടിനെതിരെ യുഡിഎഫില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, ആര്‍ ബാലകൃഷ്ണപിള്ള എന്നിവര്‍ ഇതിരെതിരെ അതൃപ്തി അറിയിച്ചിരുന്നു. സിപിഐഎമ്മിനെ സഹായിക്കാനാണ് ഈ നീക്കമെന്ന് പറഞ്ഞുകൊണ്ട് ചീഫ് വിപ്പ് പി സി ജോര്‍ജ്ജും കെ മുരളീധരനും പരസ്യമായി സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.ഈ സാഹചര്യത്തിലാണ് തീരുമാനം പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.സിബിഐ അന്വേഷണം വേണമെന്ന സര്‍ക്കാര്‍ നിലപാട് ഇന്നോ നാളെയോ കോടതിയെ അറിയിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ നിലപാട് തിരുത്തിയ സാഹചര്യത്തില്‍ അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതി ഹാജരാവാന്‍ സാധ്യതയില്ല. നിലപാട് മാറ്റിയതിലെ അതൃപ്തി അറ്റോര്‍ണി ജനറല്‍ സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.