ന്യൂഡൽഹി: ഡാറ്റാ സെന്റർ കൈമാറ്റ കേസിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെടരുതെന്ന് ചൂണ്ടിക്കാട്ടി അറ്റോണി ജനറൽ ജി.ഇ.വഹൻവതി കേരളാ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കത്തു നൽകി. കേസിൽ സി.ബി.ഐ അന്വേഷണം നടത്തുന്നതിന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇക്കാര്യം ഇന്നോ നാളെയോ സുപ്രീംകോടതിയെ അറിയിക്കാനിരിക്കെയാണ് എ.ജി കത്തയച്ചത്.

സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിന്നാൽ അത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നും എ.ജി കത്തിൽ ചൂണ്ടിക്കാട്ടി.
മന്ത്രിസഭ ഇക്കാര്യത്തിൽ തീരുമാനം എടുത്തതാണെന്നും അത് നടപ്പാക്കാൻ അനുവദിക്കണമെന്നുമാകും കേരളത്തിന്റെ ആവശ്യം. സി.ബി.ഐ അന്വേഷണം വേണ്ടെന്ന് അറ്റോണി ജനറൽ കോടതിയിൽ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടും.