ദുബായ്: വിനോദത്തിന്റെയും ഷോപ്പിങ്ങിന്റെയും പുത്തന്‍ ലോകമൊരുക്കി ഗ്ലോബല്‍ വില്ലേജ് ശനിയാഴ്ച പ്രവര്‍ത്തിച്ചുതുടങ്ങും. 65-ലധികം രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ 148 ദിവസം നീണ്ടുനില്‍ക്കുന്നതാണ് മേള. ടിക്കറ്റ് നിരക്ക് 10 ദിര്‍ഹമില്‍നിന്ന് 15 ആയി ഉയര്‍ത്തിയതായി ഓപ്പറേഷന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഹമ്മദ് ഹുസൈന്‍ ബിന്‍ ഈസ പറഞ്ഞു. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും വികലാംഗര്‍ക്കും 65 വയസ്സിന് മുകളിലുള്ളവര്‍ക്കും പ്രവേശനം സൗജന്യമാണ്. ഓരോ പ്രവേശനടിക്കറ്റിനൊപ്പവും ഒരു ഔഡി എ4 കാര്‍ നേടുന്നതിനുള്ള റാഫിള്‍ കൂപ്പണും ലഭിക്കും. ആഴ്ചയില്‍ ഒന്നെന്ന തോതില്‍ 16 തവണകളായി നറുക്കെടുപ്പ് നടക്കും.ഒക്ടോബര്‍ 10 മുതല്‍ 19 വരെ രാത്രി രണ്ടുമണി വരെയാണ് പ്രവര്‍ത്തനസമയം. ബലിപെരുന്നാള്‍ ദിവസങ്ങളായ 14, 15 ദിവസങ്ങളില്‍ പുലര്‍ച്ചെ മൂന്നുമണിവരെ സമയം നീട്ടിയതായും അഹമ്മദ് ഹുസൈന്‍ ബിന്‍ ഈസ അറിയിച്ചു.

വൈവിധ്യമാര്‍ന്ന വിനോദോപാധികളാണ് ഇത്തവണത്തെ ഗ്ലോബല്‍ വില്ലേജില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്ന ഫാന്‍റസി ഐലന്‍ഡാണ് മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന്. ലണ്ടന്‍ കേന്ദ്രമായുള്ള എന്‍റര്‍ടെയിന്‍മെന്‍റ് കമ്പനിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക ഷോകള്‍തന്നെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ചൈനയില്‍നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സര്‍ക്കസ്, യു.കെ.യില്‍ നിന്നുള്ള തെരുവുകലാകാരന്മാരുടെ പ്രകടനങ്ങള്‍ തുടങ്ങിയവ ഇത്തവണ പുതിയ ആകര്‍ഷണങ്ങളാണ്. കൂടാതെ, പതിവായുണ്ടാകുന്ന പരേഡുകള്‍, വെടിക്കെട്ട്, ജലധാര തുടങ്ങിയവയും ഗ്ലോബല്‍ വില്ലേജിലെ മറ്റ് ആകര്‍ഷണങ്ങളാണ്. നവീനസൗകര്യങ്ങളോടെ ഒരുക്കിയ ‘ഫുഡ് കോര്‍ട്ട്’ മറ്റൊരു സവിശേഷതയാണ്. ലോകത്തിന്റെ രുചിവൈവിധ്യങ്ങള്‍ പരിചയപ്പെടുത്തുന്ന ഫുഡ് കോര്‍ട്ടില്‍ തായ് ഫുഡിനായി പ്രത്യേകം കൗണ്ടര്‍ തന്നെ തുറക്കുന്നുണ്ട്. ഓരോ സീസണിലും 50 ലക്ഷം പേരാണ് ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശിക്കുന്നത്. 17,000 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.