കൊച്ചി: വഴിയെ പോകുന്ന രാഷ്ട്രീയക്കാർ ജഡ്ജിമാരെയും കോടതിയെയും കാര്യമറിയാതെ വിമർശിക്കുകയാണെന്ന് ഹൈക്കോടതി. ഇത്തരക്കാരെ ജനങ്ങൾ കൈകാര്യം ചെയ്യണം. കോടതിയെ വിമർശിക്കാൻ അർഹരായവർ ഉണ്ട്. കോടതിയെ തകർക്കുകയാണ് അനാവശ്യമായി സംസാരിക്കുന്ന ഇത്തരക്കാരുടെ ലക്ഷ്യമെന്നും ജസ്റ്റീസ് ഹാരൂൺ അൽ റഷീദ് പറഞ്ഞു. സോളാർ കേസുമായി ബന്ധപ്പെട്ട് പൊതുപ്രവർത്തകനായ ജോയ് കൈതാരം നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ബെ‍ഞ്ച് മാറ്റത്തെ കുറിച്ച് ചാനലുകളിൽ വന്ന ചർച്ചകളെ പരാമർശിച്ച് ജസ്റ്റീസ് ഇത്തരത്തിൽ വിമർശനം നടത്തിയത്.

കോടതിയിൽ നടക്കുന്നത് എന്താണെന്നോ ഭരണഘടനെയെയോ കുറിച്ച് ഒന്നും മനസിലാക്കാതെയോ ചിലർ കോടതിക്കെതിരെ വിമർശനം ഉന്നയിക്കുകയാണ്. ജനങ്ങളുടെ അവസാന ആശ്രയമാണ് കോടതികൾ. ഒത്തുകളിക്കാൻ കോടതിയെ കിട്ടണമെന്ന് അവർ ആഗ്രഹിക്കുന്നു. സോളാർ കേസിലെ ബെഞ്ചുകൾ മാറുന്നത് ഹൈക്കോടതിയുടെ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ്. ഇതൊന്നും മനസിലാക്കാതെ രാഷ്ട്രീയ നേതാക്കൾ കോടതിക്കെതിരെ വിമർശനം അഴിച്ചു വിടുകയാണ്. താൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നോമിനി ആണെന്നു വരെ പ്രചരണം ഉണ്ടായി. വ്യക്തിപരമായി പോലും വേദനിപ്പിക്കുന്ന തരത്തിലുള്ള ആക്ഷേപങ്ങളാണ് ഉണ്ടായത്. എന്നാൽ അതിലൊന്നും ദു:ഖമില്ലെന്നും ജസ്റ്റീസ് ഹാരൂൺ അൽ റഷീദ് പറഞ്ഞു.

സോളാർ കേസിലെ പരാതിക്കാരനായ ശ്രീധരൻ നായരെയും കോടതി വിമർശിച്ചു. സോളാർ തട്ടിപ്പിൽ മുഖ്യമന്ത്രിക്കു പങ്കുണ്ടെങ്കിൽ ഇനിയെങ്കിലും ശ്രീധരൻ നായർ അത് തുറന്നു പറയണം. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്നു മാത്രമാണ് ശ്രീധരൻ നായർ പറയുന്നത്. ശ്രീധരൻ നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുണ്ടായ സാഹചര്യം എന്താണെന്ന് ചോദിച്ച കോടതി,​ സോളാർ തട്ടിപ്പിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് പരാതിക്കാരൻ പറയുന്നുണ്ടോ എന്നും ചോദിച്ചു. ഇക്കാര്യത്തിൽ പരാതിക്കാരനില്ലാത്ത ആശങ്ക ഹർജിക്കാരനായ ജോയ് കൈതാരത്തിന് എന്തിനാണെന്നും കോടതി ചോദിച്ചു.