റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും എംപിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് അഞ്ചു വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷ. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണു വിധി. തട്ടിപ്പ്, കുറ്റകരമായ ഗൂഢാലോചന, അഴിമതി, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ലാലുവിനെതിരെ ചുമത്തിയിരുന്നത്. ലാലുവിനെ പാർപ്പിച്ചിരുന്ന ബിര്‍സാമുണ്ടാ സെൻട്രൽ ജയിലിൽ വീഡിയോ കോൺഫറൻസിലൂടെയാണ് ലാലു പ്രസാദ് ശിക്ഷ കേട്ടത്. കേസിലെ മറ്റു പ്രതികളായ ജഗന്നാഥ് മിശ്രയ്ക്കു നാലു വര്‍ഷം തടവും, ജെഡി(യു) എംപി ജഗദീഷ് ശര്‍മയ്ക്കു നാലു വര്‍ഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

17 വര്‍ഷം മുന്‍പു നടന്ന കേസിലാണു വിധി വന്നിരിക്കുന്നത്. ഇപ്പോള്‍ ജാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ ഭാഗമായ ചൈബാസ ട്രഷറിയില്‍നിന്ന് മൃഗ സംരക്ഷണ വകുപ്പിന്റെ പേരില്‍ 37.7 കോടി രൂപ അനധികൃതമായി പിന്‍വലിച്ചുവെന്നാണു കേസ്. അഴിമതി, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണു ലാലുവിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ ലാലു ഉള്‍പ്പെടെ 45 പേര്‍ കേസില്‍ കുറ്റക്കാരാണെന്നു കോടതി നേരത്തേ കണ്ടെത്തിയിരുന്നു.

വിധി പ്രഖ്യാപനത്തോടെ ലാലുവിന്റെ ലോക്സഭാ അംഗത്വം നഷ്ടമായി. ലാലുവിനെ അയോഗ്യനാക്കാന്‍ ലോക്സഭയില്‍ നടപടി ആരംഭിച്ചു. ആറു വര്‍ഷത്തേക്കു തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുമാവില്ല. കുറ്റക്കാരനാണെന്നു കണ്ടെത്തിയ ലാലുവിനെ ബിര്‍സാമുണ്ട സെന്‍ട്രല്‍ ജയിലിലിടച്ചിരുന്നു. റാഞ്ചി പ്രത്യേക സിബിഐ കോടതി ജഡ്ജി പ്രവാസ് കുമാറിന്റെ വിധിപ്രസ്താവം വീഡിയോ കോണ്‍ഫറന്‍സിങിലൂടെയാണു ലാലു കേട്ടത്.
ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി കോടതിയില്‍ വിധി കേള്‍ക്കാനെത്തിയിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നു തേജസ്വി മാധ്യമങ്ങളോടു പറഞ്ഞു. ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നു കോടതി പരിസരത്തു കര്‍ശന സുരക്ഷ ഏര്‍പ്പെടത്തിയിരുന്നു. വളരെ നിയന്ത്രണത്തോടെയാണു മാധ്യമ പ്രവര്‍ത്തകരെപ്പോലും കോടതി മുറിക്കുള്ളിലേക്കു കടത്തിവിട്ടത്.

ബിഹാർ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കാലിത്തീറ്റ, കന്നുകാലികൾക്കുള്ള മരുന്ന്, ആശുപത്രി ഉപകരണങ്ങൾ എന്നിവ വാങ്ങാനുള്ള പദ്ധതിയുടെ മറവിൽ 950 കോടിയിലേറെ രൂപ തട്ടിച്ചതാണ് കുപ്രസിദ്ധമായ കാലിത്തീറ്റ അഴിമതിക്കേസ്. 61 കേസുകളിൽ അഞ്ചെണ്ണത്തിൽ ലാലു പ്രസാദ് യാദവ് പ്രതിയാണ്. അതിൽ ഛായ്ബസ (ഇപ്പോൾ ജാർഖണ്ഡ് സംസ്ഥാനത്ത്) ട്രഷറിയിൽ നിന്ന് 37.7 കോടിരൂപ കാലിത്തീറ്റ ഇടപാടിനെന്നപേരിൽ തട്ടിച്ച കേസിലാണ് ഇപ്പോഴത്തെ വിധി.