ഇസ്ലാമാബാദ്: ലോകത്തെ 200 രാഷ്ട്രങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ വെച്ച് നടത്തിയ സര്‍വ്വെയില്‍ പാക്കിസ്ഥാനി പാസ്‌പോര്‍ട്ട് ലോകത്തെ ഏറ്റവും മോശം പാസ്‌പോര്‍ട്ടുകളുടെ ഗണത്തില്‍. സൊമാലിയയോടൊപ്പമാണ് പാക് പാസ്‌പോര്‍ട്ടും പട്ടികയില്‍ പിന്നിലായത്. സര്‍വെ പ്രകാരം പട്ടികയില്‍ ഇന്ത്യ 74ാം സ്ഥാനത്താണ്.2013ലെ വിസാ നിയന്ത്രണ സൂചിക അടിസ്ഥാനമാക്കി ഹെന്‍ലെ ആന്റ് പാര്‍ട്ട്‌ണേഴ്‌സ് നടത്തിയ സര്‍വ്വെ പ്രകാരമാണ് 200 രാഷ്ട്രങ്ങളിലെ പാസ്‌പോര്‍ട്ടുകള്‍ പട്ടികവല്‍ക്കരിച്ചത്. വിസയില്ലാതെ പാസ്‌പോര്‍ട്ടുപയോഗിച്ച് യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണമനുസരിച്ചാണ് റാങ്ക് പട്ടിക ഉണ്ടാക്കിയത്.

പാക് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 32 രാഷ്ട്രങ്ങളില്‍ മാത്രമെ വിസയില്ലാതെ യാത്രചെയ്യാനൊക്കൂ. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 52 രാഷ്ട്രങ്ങളില്‍ വിസയില്ലാതെ യാത്ര ചെയ്യാം.പാകിസ്ഥാന്‍, സൊമാലിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് റാങ്ക് ലിസ്റ്റില്‍ ഏറ്റവും പിറകിലുള്ളത്. ഈ രാഷ്ട്രങ്ങളിലുള്ളവര്‍ക്ക് അവരുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് കൂടുതല്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അനുമതിയില്ല.ഫിന്‍ലാന്റ്, സ്വീഡന്‍, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളാണന് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഇവിടെയുള്ളവര്‍ക്ക് 173 രാജ്യങ്ങളില്‍ വിസയില്ലാതെ അവരുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാം. 172 രാജ്യങ്ങളില്‍ യാത്രാനുമതിയുള്ള അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്.