വാഷിങ്ടണ്‍: അമേരിക്കയില്‍ പാര്‍ലമെന്റ് മന്ദിരത്തിമായ ക്യാപിറ്റോള്‍ കെട്ടിടത്തിന് സമീപത്തെ നടപ്പാതയില്‍ കാറോടിച്ചു കയറ്റിയ സ്ത്രീയെ പൊലീസ് വെടിവെച്ച് കൊന്നു. പാര്‍ലമെന്റിന്റെ സെനറ്റും പ്രതിനിധി സഭയും സമ്മേളിക്കവെ പ്രാദേശിക സമയം പകല്‍ രണ്ടോടെയായിരുന്നു സംഭവം. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് മുന്നിലെ പെന്‍സില്‍വാനിയ അവന്യൂവില്‍ നിന്നാണ് സംഭവത്തിന്റെ തുടക്കം. അതീവ സുരക്ഷാമേഖലയായ പ്രദേശത്തേക്ക് സ്ത്രീ ഓടിച്ച കാര്‍ അമിത വേഗത്തില്‍ പാഞ്ഞെത്തുകയായിരുന്നു. പൊലീസ് കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അമിത വേഗത്തില്‍ ക്യാപിറ്റോള്‍ കെട്ടിടം ലക്ഷ്യമാക്കി കാര്‍ മുന്നോട്ട് പോയി.

തുടര്‍ന്ന് നിരവധി കാറുകളില്‍ പൊലീസ് ഇവരെ പിന്തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിനെത്തുടര്‍ന്ന് ക്യാപിറ്റോളിന് സമീപമുള്ള ഡിവൈഡറിന് സമീപം നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഡ്രൈവിങ്ങ് സീറ്റില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ സ്ത്രീയെ കണ്ടത്. കൊല്ലപ്പെട്ട സ്ത്രീയ്ക്കൊപ്പം ഒന്നര വയസുള്ള കുഞ്ഞും കാറിലുണ്ടായിരുന്നു. മറ്റ് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഒരു പൊലീസുകാരനും വെടിവെപ്പില്‍ പരിക്കേറ്റിറ്റുണ്ട്. വെടിവയ്പിനെക്കുറിച്ച് വ്യക്തമായ വിവരം ഇനിയും പുറത്ത് വിട്ടിട്ടില്ല.ഒരു പൊലീസ് ഓഫീസറുള്‍പ്പെടെ ഏതാനം പേര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചിട്ടുണ്ട്.ബജറ്റ് പാസാകാത്തതിനെത്തുടര്‍ന്ന് അമേരിക്കന്‍ സര്‍ക്കാര്‍ ഭാഗികമായ അടച്ച് പൂട്ടലിലായ സന്ദര്‍ഭത്തിലുണ്ടായ വെടിവയ്പ് പല അഭ്യൂഹങ്ങള്‍ക്കും വഴിവെച്ചു.ആഴ്ചകള്‍ക്ക് മുന്‍പ് കാപ്പിറ്റോള്‍ മന്ദിരത്തിന് സമീപത്തെ നാവികസേനാ യാര്‍ഡിലുണ്ടായ വെടിവയ്പില്‍ 12 മരിച്ചിരുന്നു