ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് സംബന്ധിച്ച സുപ്രീംകോടതി ഉത്തരവില്‍ വ്യക്തത വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ആവശ്യമുന്നയിച്ച് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചു. ആധാറിന്റെ പേരില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നിഷേധിക്കരുതെന്ന സുപ്രീംകോടതി ഉത്തരവില്‍ വ്യക്തത വരുത്തണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.കഴിഞ്ഞമാസം 23ാം തിയ്യതിയാണ് പാചകവാതകത്തിന് അടക്കം ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും ആധാറിന്റെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കരുതെന്നും നിര്‍ദ്ദേശിച്ച് സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇറക്കിയത്.

സുപ്രീംകോടതി ഉത്തരവ് സര്‍ക്കാര്‍ പദ്ധതികളെ സാരമായി ബാധിച്ചിരുന്നു. പദ്ധതികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് കഴിയുമോ എന്നതില്‍ വ്യക്തത വരുണമെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.ഈ പദ്ധതികളെ സുപ്രീംകോടതി ഉത്തരവ് എങ്ങനെ ബാധിക്കുമെന്ന് ആരാഞ്ഞാണ് പെട്രോളിയം മന്ത്രാലയം വഴി കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.കേന്ദ്രത്തിന്റെ ആവശ്യം സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും.