തിരുവനന്തപുരം:കണ്‍സ്യൂമര്‍ ഫെഡ് എംഡി റിജി ജി നായര്‍ രാജിവെച്ചു. കണ്‍സ്യൂമര്‍ ഫെഡ് ഓഫീസുകളിലും ഗോഡൗണുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വിജിലന്‍സ് റെയ്ഡില്‍ 60 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജി. റെയ്ഡിനെത്തുടര്‍ന്ന് തന്നെ എംഡി സ്ഥാനത്ത് മാറ്റണമെന്ന് റിജി നായര്‍ സഹകരണ വകുപ്പ് മന്ത്രി സി എന്‍ ബാലകൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നു. ഈ മാസം റെജി സർവീസിൽ നിന്ന് വിരമിക്കുകയാണ്.

അഡി.ഡി.ജി.പി ആർ.ശ്രീലേഖയുടെ നേതൃത്വത്തിൽ ‘ഓപ്പറേഷന്‍ അന്നപൂര്‍ണ’ എന്ന പേരില്‍ നടത്തിയ പരിശോധനകളിൽ 60 കോടിയോളം രൂപയുടെ തിരിമറികളാണ് കൺസ്യൂമർ ഫെഡിൽ കണ്ടെത്തിയത്. തുടർന്ന് റിജി നായരടക്കം 15 പേർക്കെതിരെ കേസെടുക്കനായിരുന്നു ശുപാർശ. കുറഞ്ഞതുക ക്വാട്ട് ചെയ്‌തവരിൽ നിന്ന് സാധനങ്ങൾ വാങ്ങാതിരുന്നതും ആവശ്യമില്ലാതെ വാങ്ങിക്കൂട്ടിയ സാധനങ്ങൾ നശിപ്പിച്ചതുമടക്കമുള്ള ക്രമക്കേടുകൾ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കൺസ്യൂമർഫെഡിന്റെ 24 ഗോഡൗണുകളിലും കൊച്ചിയിലെ ആസ്ഥാന മന്ദിരത്തിലും തലസ്ഥാനത്തെ റേഞ്ച് ഓഫിസിലുമാണ് വിജിലൻസ് കഴിഞ്ഞയാഴ്​ച റെയ്ഡ് നടത്തിയത്.