ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഡല്‍ഹി രാജസ്ഥാന്‍, മിസോറം, മധ്യപ്രദേശ് ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. ഡല്‍ഹിയിലും മിസോറമിലും ഡിസംബര്‍ നാലിനും മധ്യപ്രദേശില്‍ നവംബര്‍ 25നും രാജസ്ഥാനില്‍ ഡിസംബര്‍ ഒന്നിനും വോട്ടെടുപ്പ് നടക്കും. ഛത്തീസ്ഗഡില്‍ നവംബര്‍ 11നും 19നുമായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്. ഈ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നു. എല്ലാ സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിന് നടക്കും.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിഎസ് സമ്പത്താണ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.തിയതികള്‍ നിശ്ചയിക്കുന്നതിനായി കമ്മീഷന്റെ സമ്പൂര്‍ണയോഗം ഡല്‍ഹിയില്‍ ചേര്‍ന്നിരുന്നു.നിഷേധവോട്ടുകള്‍ ഈ തെരഞ്ഞെടുപ്പ് മുതല്‍ ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യും. വോട്ടെടുപ്പിന് നാല് ദിവസം മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തി സ്ലിപ്പ് വിതരണം ചെയ്യും. പണം നല്‍കി വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് തടയാന്‍ എല്ലാ സംസ്ഥാനങ്ങളിലും മാധ്യമ കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ 11.3 കോടി വോട്ടര്‍മാര്‍ക്കായി 1.3 ലക്ഷം പോളിംഗ് സ്‌റ്റേഷനുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജീകരിക്കുക.