ദുബായ്: മൂന്ന് വര്‍ഷത്തിനുള്ളില്‍ ദുബായിലെ മുഴുവന്‍ ആളുകള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി തലവന്‍.
ആരോഗ്യ ഇന്‍ഷുറന്‍സ് നയത്തിന് ദുബായ് ഗവണ്‍മെന്‍റിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് നിയമം പാസ്സാവുക എന്നതാണ് ഇനിയുള്ള കടമ്പ. നിലവില്‍ എമിറേറ്റിലെ 30 ശതമാനം (പത്ത് ലക്ഷം) പേര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. ഇത് മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കണം. ഇതിനായി വിവിധ ഡിപ്പാര്‍ട്ട്‌മെന്‍റുകളുടെ സഹകരണം തേടിയിട്ടുണ്ട്. മാത്രമല്ല, മുഴുവന്‍ സ്വകാര്യ ആശുപത്രികളിലും ഇന്‍ഷുറന്‍സ് സൗകര്യം ലഭ്യമാക്കും. താഴെക്കിടയിലുള്ള തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുക എന്നും ഈസ ആല്‍ മൈഥൂര്‍ വ്യക്തമാക്കി. ഇതിനായി നാല്‍പ്പതോളം ഇന്‍ഷുറന്‍സ് കമ്പനികളുടെ സഹകരണമുണ്ടാകും.മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിയമം പാസ്സായാലുടന്‍ പദ്ധതി നടപ്പാക്കുമെന്നും ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ.) ഡയറക്ടര്‍ ജനറല്‍ ഈസ ആല്‍ മൈഥൂര്‍ വ്യക്തമാക്കി

ബോധവത്കരണം, ആരോഗ്യവിദ്യാഭ്യാസം, രോഗപ്രതിരോധം തുടങ്ങിയ ഘടകങ്ങളില്‍ ഊന്നിയ ആരോഗ്യനയമാണ് ദുബായില്‍ നടപ്പാക്കുന്നത്. താഴെക്കിടയിലുള്ള പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കും. ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വികേന്ദ്രീകരിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത് – അദ്ദേഹം പറഞ്ഞു.