My Kerala News

വിദേശത്തുനിന്ന് ഈ വര്‍ഷം ഇതുവരെ ഏറ്റവുംകൂടുതല്‍ പണമൊഴുകിയ രാജ്യങ്ങളുടെ പട്ടിക പുറത്തു വിട്ടു. ഇന്ത്യക്കാണ് ഇതില്‍ ഒന്നാം സ്ഥാനം. വിദേശ ഇന്ത്യക്കാര്‍ നാലുലക്ഷം കോടി രൂപയുടെ പണമിടപാടാണ്  നടത്തിയത്. ലോകബാങ്കാണ് കണക്ക് പുറത്തുവിട്ടത്.

2012-ല്‍ ഇന്ത്യയ്ക്ക് ലഭിച്ച നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ മൂന്നിരട്ടിയോളംവരും ഇത്. രണ്ടാം സ്ഥാനം ചൈനക്കാണ്. മൂന്നേമുക്കാല്‍ ലക്ഷം കോടി രൂപയാണ് ചൈനയിലേക്കൊഴുകിയത്. ഫിലിപ്പീന്‍സ്(1.6 ലക്ഷം കോടി), മെക്‌സിക്കോ(1.36 ലക്ഷം കോടി), നൈജീരിയ(1.3 ലക്ഷം കോടി), ഈജിപ്ത്(1.24 ലക്ഷം കോടി) എന്നിവരാണ് പട്ടികയില്‍ മുന്‍നിരസ്ഥാനമുള്ള രാജ്യങ്ങള്‍. പാകിസ്താന്‍, ബംഗ്ലാദേശ്, വിയറ്റ്‌നാം, യുക്രെയിന്‍ എന്നിവരും മുന്നിലുണ്ട്.

ആഭ്യന്തര മൊത്ത ഉത്പാദനത്തിന്റെ ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ പണം ലഭിച്ചതില്‍ താജിക്കിസ്താനാണ്(48 ശതമാനം) ഒന്നാമത്. കിര്‍ഗിസ് റിപ്പബ്ലിക്(31 ശതമാനം), ലെസോതോ, നേപ്പാള്‍ (25 ശതമാനം) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ നിലയെന്ന് ലോകബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്‍റ് കൗശിക് ബസു അറിയിച്ചു.