റോം: ഇറ്റാലിയന്‍ ദ്വീപസമൂഹമായ ലാംപെഡുസയിലേക്കുള്ള ബോട്ട് മുങ്ങി 300 ആഫ്രിക്കന്‍ അഭയാര്‍ഥികള്‍ മരിച്ചു. 250ഓളം പേരെ കാണാതായി. അഞ്ഞൂറോളം യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ കൂട്ടത്തോടെ വെള്ളത്തിലേക്ക് ചാടി. ബോട്ടില്‍ തീ പടര്‍ന്നതാണ് മുങ്ങാന്‍ കാരണം. കൊല്ലപ്പെട്ടവരില്‍ ഒരു കുട്ടിയും ഗര്‍ഭിണിയുമുണ്ട്. 151 പേരെ രക്ഷപ്പെടുത്തി. തീരത്തുനിന്ന് മുക്കാല്‍ കിലോമീറ്റര്‍ അകലെ എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് നിന്ന ബോട്ടിലേക്ക് തീരരക്ഷാസേനയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ യാത്രക്കാര്‍ തീയിടുകയായിരുന്നു. എന്നാല്‍, തീ പടര്‍ന്നതോടെ എല്ലാവരും പരിഭ്രാന്തരായി സുരക്ഷിതസ്ഥാനത്തേക്ക് നീങ്ങി. ഇത് ബോട്ടിന്റെ നില തെറ്റിക്കുകയും ബോട്ട് മുങ്ങുകയുമായിരുന്നു.

ഇറ്റലിയുടെ തെക്കന്‍ മേഖലയില്‍ യൂറോപ്യന്‍ യൂണിയനിലേക്കുള്ള പ്രധാന കവാടമായ ഈ ദ്വീപസമൂഹത്തിലേക്ക് ഈ വര്‍ഷം 17,000 ആഫ്രിക്കന്‍ അഭയാര്‍ഥികളാണ് എത്തിയത്. യൂറോപ്പിലേക്ക് കുടിയേറാന്‍ വേണ്ടിയുള്ള ദുര്‍ഘടമായ കടല്‍യാത്രയില്‍ അപകടങ്ങള്‍ പതിവാണ്. ഈ ആഴ്ച ആദ്യം 13 അഭയാര്‍ഥികള്‍ മുങ്ങിമരിച്ചിരുന്നു. 2012ല്‍ ഈ മേഖലയില്‍ അഞ്ഞൂറിലേറെ പേര്‍ മുങ്ങിമരിച്ചെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.