തിരുവനന്തപുരം: കണ്ണൂര്‍ മാടായിപ്പാറയിലെ കടല്‍ക്കരയില്‍ നിന്നും അനധികൃതമായി മണല്‍ ഖനനം നടത്തുന്നതിനെതിരെ സെക്രട്ടറിയേറ്റിന്‌ മുന്നില്‍ സത്യാഗ്രഹം നടത്തി വന്നിരുന്ന ജസീറ തന്റെ സമരം ഡല്‍ഹിയിലേയ്ക്ക് മാറ്റുന്നു.സംസ്ഥാന സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കാത്തതിനെ തുടര്‍ന്നാണ്‌ ഡല്‍ഹിയിലേക്ക്‌ സമരം വ്യാപിപ്പിക്കുന്നതെന്ന്‌ ജസീറ മാധ്യമങ്ങളോട്‌ പറഞ്ഞു. ഡല്‍ഹിയില്‍ പാര്‍ലമെന്‍റിന് മുന്നിലായിരിക്കും ഇനി മുതല്‍ സമരം. 65 ദിവസമായി സെക്രട്ടറിയേറ്റിന് മുമ്പില്‍ തുടര്‍ന്ന സമരം ഫലം കാണാത്തതിനെത്തുടര്‍ന്നാ‍ണ് ജസീറയും മക്കളും ഡല്‍ഹിക്ക് വണ്ടികയറാന്‍ തീരുമാനിച്ചത്.

മണലൂറ്റ്‌ നിര്‍ത്തുന്നതിന്‌ വേണ്ടി എന്ത്‌ ത്യാഗവും സഹിക്കാന്‍ തയ്യാറാണെന്നും ജെസീറ പറഞ്ഞു. ജസീറ നേരത്തെ പഴയങ്ങാടി പൊലീസ്‌ സ്റ്റേഷന്‌ മുന്നിലും കണ്ണൂര്‍ കളക്ട്രേറ്റിന്‌ മുന്നിലും സത്യാഗ്രഹ സമരം നടത്തിയിരുന്നു. ജില്ലാ ഭരണകൂടങ്ങളില്‍ നിന്നും നീതി ലഭിക്കാത്തതിനെ തുടര്‍ന്ന്‌ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആദ്യവാരത്തിലാണ്‌ സമരം സെക്രട്ടറിയേറ്റിലേക്ക്‌ വ്യാപിപ്പിച്ചത്‌. മൂന്ന്‌ മക്കളെയും കൂട്ടിയാണ്‌ ജസീറ സെക്രട്ടറിയേറ്റിന്‌ മുന്നില്‍ സമരത്തിനെത്തിയിരുന്നത്‌.