ബോളിവുഡിൽ ആദ്യമായി സിക്സ്പാക്ക് മസിലിന്റെ ഉടമയാകാൻ കരീന കപൂർ ഒരുങ്ങുന്നു. പുരുഷന്റെ മാത്രം കുത്തകയായിരുന്ന ആക്ഷൻ രംഗത്തേക്ക് നടിമാരും വന്നു തുടങ്ങിയതോടെയാണ് കരീനയും സ്ക്സ് പാക്കിനായുള്ള ഒരുക്കം തുടങ്ങിയത്. കരണ്‍ മല്‍ഹോത്രാ സംവിധാനം ചെയ്യുന്ന ശുദ്ധി എന്ന ചിത്രത്തിനാണ്‌ കരീന സിക്സ്പാക്കിലെത്തുന്നത്. ചിത്രത്തിനായി പ്രത്യേക മാര്‍ഷ്യല്‍ ആർട്സ് പരിശീലനവും കരീനയ്ക്കായി ഒരുക്കുന്നുണ്ട്‌. ഡിസംബറിൽ ചിത്രീകരണം തുടങ്ങുന്ന സിനിമയിൽ ആക്ഷൻ ഹീറോ ഋത്വിക് റോഷനാണ്‌ നായകൻ.

ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹറാണ്‌ ചിത്രം നിര്‍മിക്കുന്നത്‌. ഹൃതിക്കിന്റെ അഗ്നീപഥ്‌ ഒരുക്കിയതും ഇതേ ടീം തന്നെ ആയിരുന്നു. ഈ ചിത്രത്തിൽ ഐശ്വര്യ റായ് നായികയാകുന്നുവെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. കരീനയുടെ സിക്സ്പാക്ക് ഋത്വികിനെ കടത്തിവെട്ടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.