കൊച്ചി: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളിയുവാക്കളെ പാക് അധീന കശ്മീരിലേക്ക് റിക്രൂട്ട്ചെയ്ത കേസില്‍ 13 പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇരുപത്തിമൂന്നാം പ്രതി എറണാകുളം പള്ളിക്കര കണിയാത്ത്കുടിയില്‍ വീട്ടില്‍ സര്‍ഫറാസ് നവാസ്, മലപ്പുറം പതിനഞ്ചാം പ്രതി കാരഞ്ചേരി മുട്ടന്നൂര്‍ നായാട്ടില്‍ വീട്ടില്‍ അബ്ദുള്‍ ജബ്ബാര്‍ , പതിനാറാം പ്രതി എറണാകുളം കുന്നത്തുനാട് മുണ്ടകത്ത് വീട്ടില്‍ സാബിര്‍ ബുഖാരി എന്നിവര്‍ക്കാണ് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. എല്ലാ പ്രതികളും അന്‍പതിനായിരം രൂപ വീതം പിഴയടയ്ക്കാനും കോടതി വിധിച്ചു. പ്രതികള്‍ കുറ്റക്കാരെന്ന് എന്‍ഐഎ പ്രത്യേക കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ജഡ്ജി എസ് വിജയകുമാറാണ് ശിക്ഷ പ്രഖ്യാപിച്ചത്. അഞ്ചുപേരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വിട്ടയച്ചിരുന്നു. പ്രായവും കുടുംബവും പരിഗണിച്ച് വധശിക്ഷ വിധിക്കരുതെന്നും കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. ശിക്ഷ വിധിക്കുമ്പോള്‍ പ്രതികളുടെ വിചാരണത്തടവ് പരിഗണിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം ശിക്ഷ ബംഗളൂരു ജയിലില്‍ അനുഭവിക്കാന്‍ അനുവദിക്കണമെന്ന് തടിയന്റവിട നസീറിന്റെ ആവശ്യം കോടതി തള്ളി.

രാജ്യദ്രോഹക്കുറ്റം ചെയ്ത പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഒന്നാം പ്രതി അബ്ദുള്‍ ജലീലും നാലാം പ്രതി മുജീബും അന്തിമവാദത്തിനിടെ കോടതിയില്‍ പൊട്ടിക്കരഞ്ഞു. കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍നിന്നു രക്ഷപ്പെട്ട 15-ാം പ്രതി അബ്ദുള്‍ ജബ്ബാര്‍ ഇന്ത്യന്‍ ശിക്ഷാനിയമം 121-ാം വകുപ്പ്, ഭീകരവിരുദ്ധ നിയമത്തിലെ 16-ാം വകുപ്പ് എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ ചെയ്തതായാണ് കോടതി കണ്ടെത്തിയത്. രാജ്യത്തിനെതിരെ യുദ്ധംചെയ്യല്‍, രാജ്യദ്രോഹം, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ആയുധവും സ്ഫോടകവസ്തുക്കളും ഉപയോഗിക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍. മറ്റ് 12 പേര്‍ക്കെതിരെ രാജ്യത്തിനെതിരെ യുദ്ധംചെയ്യാനുള്ള ഗൂഢാലോചന, ആയുധനിയമത്തിലെയും ഭീകരവിരുദ്ധനിയമത്തിലെയും വിവിധ വകുപ്പുകളാണ് ചുമത്തിയത്.

2006-2008 കാലയളവില്‍ ഹൈദരാബാദിലും കശ്മീരിലും നടന്ന തീവ്രവാദ പരിശീലനത്തിന് കേരളത്തില്‍നിന്നുള്‍പ്പെടെ യുവാക്കളെ റിക്രൂട്ട്ചെയ്തുവെന്നാണ് കേസ്.2008 ഒക്ടോബറില്‍ കശ്മീരിലെ കുപ്വാരയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മലയാളിയുവാക്കള്‍ കൊല്ലപ്പെട്ടതോടെയാണ് കേസിന്റെ തുടക്കം. കണ്ണൂര്‍ തയ്യില്‍ തൈക്കണ്ടി ഫയാസ്, തായത്തെരു മുഴത്തടം അറഫയില്‍ ഫായിസ്, പരപ്പനങ്ങാടി സ്വദേശി അബ്ദുള്‍ റഹീം, എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് യാസിന്‍ എന്ന റെയ്മോന്‍ എന്നിവരാണ് അതിര്‍ത്തിയില്‍ കൊല്ലപ്പെട്ടത്. കേസിലെ 15-ാം പ്രതി അബ്ദുള്‍ ജബ്ബാര്‍ ഏറ്റുമുട്ടിലിനിടെ പരിക്കുകളോടെ രക്ഷപ്പെട്ടു. കണ്ണൂര്‍ എടക്കാട് പൊലീസ് രജിസ്റ്റര്‍ചെയ്ത കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. 2012 ഫെബ്രുവരി ഒമ്പതിനാണ് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ വിചാരണ തുടങ്ങിയത്. കണ്ണൂര്‍ സിറ്റി മൈതാനപ്പിള്ളി മുഹമ്മദ് നൈനാര്‍, എറണാകുളം കറുകപ്പള്ളി റസാഖ് മന്‍സിലില്‍ ബദറുദ്ദീന്‍, പെരുമ്പാവൂര്‍ നെടുന്തോട് മുണ്ടക്കാട്ട് വീട്ടില്‍ പി കെ അനസ്, കണ്ണൂര്‍ ആനയിടുക്ക് സുഹര്‍ദാര്‍ വീട്ടില്‍ ഷനീജ്, മട്ടാഞ്ചേരി പനയപ്പിള്ളി ചെറിയകത്ത് അബ്ദുള്‍ ഹമീദ് എന്നിവരെ കോടതി വിട്ടയച്ചു. 24 പേരുണ്ടായിരുന്ന പ്രതിപ്പട്ടികയിലെ പാക് അധീന കശ്മീരിലെ ലഷ്കര്‍ ഇ തോയ്ബ കമാന്‍ഡര്‍ വാലി എന്ന അബ്ദുള്‍ ഖാദര്‍, കണ്ണൂര്‍ മരക്കാര്‍കണ്ടി കൊച്ചുപീടികയില്‍ മുഹമ്മദ് സാബിര്‍ എന്നിവരെ പിടികൂടാനുണ്ട്. ഇവരെയും കൊല്ലപ്പെട്ടവരെയും ഉള്‍പ്പെടെ ആറുപേരെ ഒഴിവാക്കി 18 പേര്‍ക്കെതിരെയുള്ള കുറ്റപത്രമാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സമര്‍പ്പിച്ചത്.